Tuesday, August 23, 2016

:: പട്ടിത്വമില്ലാത്ത ഒരു സൊല്യൂഷൻ :: ( FB Post )നമ്മൾ ഇങ്ങനെ , എല്ലാ തെരുവ് നായ്ക്കളെയും ഒരുപോലെ കണ്ടു , ഒരു സൊല്യൂഷേൻ ചിന്തിക്കുന്നത് കൊണ്ടാണ് , ഇവിടെ ഒന്നും ചെയ്യാൻ പറ്റാത്തത്. അത് കൊണ്ട് , നൂറ്റാണ്ടുകളായി ഈ ലോകത്തു എല്ലായിടത്തും മനുഷ്യൻ വിജയകരമായി നടപ്പാക്കിയ , നശീകരണ പക്രിയയിൽ നിന്നും , പാഠങ്ങൾ ഉൾക്കൊണ്ടു , ഞാൻ വികസിച്ചെടുത്ത , ഒട്ടും പട്ടിത്വമില്ലാത്ത , ഒരു മനുഷ്യത്വ സൊല്യൂഷൻ ചുവട്ടിൽ കൊടുക്കുന്നു ....


ആദ്യം തന്നെ , നമ്മൾ ഇങ്ങനെ , എല്ലാ തെരുവ് നായ്ക്കളെയും ഒന്നായി കണ്ടു , അവർക്കു ...അവരെല്ലാം ഒന്നാണെന്ന , വലിയ അപകടപരമായ മെസ്സേജ് നൽകാതിരിക്കുക . പകരം , നൂറു നായ്ക്കൾ ഉണ്ടെങ്കിൽ , അവരെ മതം / ജാതി / രാഷ്ട്രം / രാഷ്ട്രീയം / ഭാഷ / നിറം / ജോലി / പൊക്കം / ജനിച്ച സമയം / കുര / വാല് / ഒരു കാലു പൊക്കുന്ന രീതി , എന്നൊക്കെ ഒരു ആയിരം രീതിയിൽ വിഭജിച്ചു , ഓരോ പട്ടിയും മറ്റു 99 പട്ടികളുമായി , മിനിമം പത്തു കാര്യങ്ങളിൽ എങ്കിലും , വിഭജിച്ചു തരം തിരിച്ചു നിർത്താം, എന്ന് നമ്മൾ ഉറപ്പു വരുത്തുക.


എന്നിട്ടു , ഓരോ പട്ടി വിഭാഗത്തിനും ഒരു സംഘടനയും ഒരു നേതാവിനെയും ഉണ്ടാക്കി , ദിവസവും ഒരു പത്തു നേരം , അവന്റെ വികാരം ,വിശ്വാസം , ആവേശം എല്ലാം നമ്മൾ നല്ലോണം ഉറപ്പാക്കുക. നിയമ പരമായി യാതൊരു തെറ്റുമില്ലാത്ത ഈ നല്ല പ്രവർത്തി , നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ച് , നമ്മൾ മാക്സിമം മുതലാക്കുക.


ഇനി , തന്റെ വിഭാഗവും സംഘടനയും നേതാവും , വിശ്വാസവും , വികാരവും , ആവേശവും മാത്രമാണ് ശെരിയെന്നു , പയ്യെ പയ്യെ അവരെകൊണ്ടു സമർത്ഥിക്കുക. അപ്പോൾ ,' എവെരി ആക്ഷൻ ഈസ് ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ ' എന്ന ന്യുട്ടൺ തിയറി പ്രകാരം , മറ്റുള്ള എല്ലാരും തെറ്റല്ലെയെന്നു സയൻസിനെ ഉദ്ധരിച്ചു കൊണ്ട് തന്നെ അവനെ സ്വയം സമ്മതിപ്പിക്കുക.


ഇത്രയും കഴിഞ്ഞാൽ പിന്നെ നമ്മൾ ഒന്നും ചെയ്യേണ്ട. ഇനി കാര്യങ്ങൾ വളരെയധികം സിമ്പിൾ ആണ്... എല്ലാ പട്ടികളെ കൊണ്ടും നിർബന്ധമായും , ദിവസവും ചാനൽ ചർച്ചകൾ കേൾപ്പിക്കുകയും , പത്രം വായിപ്പിക്കുകയും , അവരുടെ കൂട്ടത്തിലുള്ളവരുടെ ഫേസ് ബുക്ക് പോസ്റ്റുകൾ വായിപ്പിക്കുകയും ചെയ്യുക... ഇതിന്റെ കൂടെ , നമ്മൾ വെറുതെ പട്ടികളോട് , 'നീ ഒന്നും ചെയ്യരുത്' , ' നീ സംയമനം പാലിക്കണം ', 'നീ അക്രമകാരിയല്ല ', എന്നൊക്കെ പറഞ്ഞു മൂപ്പിക്കണം , അപ്പോൾ വീണ്ടും ,' എവെരി ആക്ഷൻ ഈസ് ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ ' തിയറി പ്രകാരം , പട്ടികൾക്ക് കല്ലുപ്പ് കയറി, അവര് അങ്ങോട്ടും ഇങ്ങോട്ടും ശത്രുക്കളായി കണ്ടു , പ്രാന്ത് പിടിച്ചു , വെട്ടിയും കുത്തിയും , ബോംബിട്ടു ചത്തോളും ...


നമ്മൾ മനുഷ്യർ, അപ്പോൾ പട്ടികളോട് സമാധാനം പ്രസംഗിക്കുകയും , അവരെ ഉപദേശിക്കുകയും , എന്നിട്ടു , ഈ ലോക നന്മയ്ക്കും സമാധാനത്തിനും വേണ്ടി , നല്ലൊരു ലോകത്തിനായി , പരസ്പരം തല്ലുന്ന ആ പട്ടികളെയെല്ലാം , നല്ല ഉദ്ധേശശുദ്ധിയോടെ , യുദ്ധം ചെയ്തു തോൽപ്പിച്ചു , നല്ലൊരു ലോകം പണിഞ്ഞു എടുക്കുകയും ചെയ്യാം ....


എങ്ങനെയുണ്ട് , എന്റെ ഐഡിയ !!!

Tuesday, June 14, 2016

:: പൊട്ടി പെണ്ണ് ::


: കൊല്ലവർഷം 1180, ധനു മാസം :


എന്ത് ചെയ്യണമെന്നറിയാതെ അമ്പല കുളത്തിന്റെ പടവിൽ സങ്കടപ്പെട്ടിരുന്ന മനുവിന്റെ തോളിൽ കൈ വെച്ച് അമ്മു ആശ്വസിപ്പിച്ചു ,


" എല്ലാം ശരിയാകും മനുവേട്ടാ , ഇപ്പോൾ അച്ഛനെ അൽപ്പം മുഷിപ്പിച്ചു ആണേലും മനുവേട്ടൻ എന്തായാലും ഈ കോഴ്സിനു  തന്നെ പോകണം. മനുവേട്ടൻ ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചതാണ്‌ ഇത്. മനുവേട്ടന് ജീവിതത്തിൽ ആഗ്രഹിച്ച പോലെയൊക്കെ ആകാൻ പറ്റിയാൽ മാറുന്ന പിണക്കമേ അച്ഛന് ഉണ്ടാവുകയുള്ളൂ. "

" അതെ , പക്ഷെ ഞാൻ തോറ്റുപോയാൽ ? ", മനു വീണ്ടും അമ്മുവിനെ നോക്കി.


" നോക്ക് മനുവേട്ടാ... ഇപ്പോൾ അച്ഛന്റെ ആഗ്രഹപ്രകാരം മനുവേട്ടൻ മറ്റൊരു മേഖലയിൽ പോയാലും തോറ്റു പോകാനുള്ള സാധ്യത കൂടുതലാണ് , പ്രത്യേകിച്ച് മനുവേട്ടന് ഇഷ്ട്ടമില്ലാതൊരു മേഖല.. ഇതാകുമ്പോൾ മനുവേട്ടന്റെ വലിയ സ്വപ്നമാണ് , ഇത്രയും മനസ്സുണ്ടെങ്കിൽ ജയിക്കുമെന്ന് എനിക്ക് ഉറപ്പാണ്... ഇനി അഥവാ , തോറ്റു പോയാൽ  തന്നെ , ഇഷ്ട്ടമില്ലാത്ത മേഖലയിൽ മനസ്സില്ലാതെ പോയി തോൽക്കുന്നതിനേക്കാൾ എത്രയോ ഭേദമല്ലേ .... "

പെട്ടെന്ന് ബോധോദയം ഉണ്ടായ പോലെ മനു എഴുന്നേറ്റു , സന്തോഷവാനായി, അമ്മു കുട്ടിയെ കെട്ടിപിടിച്ചു പറഞ്ഞു ,


" നീയാണ് എന്റെ ശക്തി .. ഞാൻ ജീവിതത്തിൽ ജയിച്ചു വരുമ്പോൾ നീ എന്റെ കൂടെയുണ്ടാകണം ...  "


അമ്മുക്കുട്ടി പതിവ് പോലെ ചിരിച്ചു , മനുവേട്ടനെ തള്ളി മാറ്റി പറഞ്ഞു ,


" ആദ്യം പോയി പഠിച്ചു രക്ഷപ്പെടാൻ നോക്ക് ... ഇല്ലേൽ തിരിച്ചു ഈ നാട്ടിലേക്ക് കയറാൻ പറ്റില്ല , പിന്നെ നമുക്ക് പെണ്ണ് കാണലും , കല്യാണവും , പാലുകാച്ചും ഒക്കെ നടത്താം "


: കൊല്ലവർഷം 1191, മകര മാസം :

അമ്പലത്തിൽ നിന്നും പ്രാർത്ഥിച്ചു പുറത്തിറങ്ങിയ , പുതിയ ജില്ലാ കലക്റ്റർ മനോജ്‌ മാധവനെ കാണാൻ , നാട്ടിലെ ചുറ്റുവട്ടത്തെ പ്രമാണിമാർ എല്ലാം ഒത്തു കൂടി. എല്ലാരോടും ചിരിച്ചു കുശലം പറഞ്ഞു അച്ഛനോടൊപ്പം കാറിലേക്ക് നീങ്ങിയ കലക്റ്ററെ നോക്കി, ദൂരെ നിന്നും  കൊച്ചു സുന്ദരി പെൺകുട്ടി ഓടിവന്നു കൈ വീശി. നല്ല ഓമനത്തമുള്ള മുഖം കണ്ടു ഒരു നിമിഷം സംശയിച്ചു നിന്ന കലക്റ്ററോട്  അച്ഛൻ പറഞ്ഞു , "നിനക്കോർമയില്ലേ നമ്മുടെ പഴയ അയലത്തെ വീട്ടിലെ അമ്മിണിയെ , ഇതവളുടെ മോളാണ്.. അവളുടെ അമ്മയിപ്പോൾ പുറകെ ഓടി വരുന്നുണ്ടാകും ". ' ഓ , അതെയോ " എന്നും പറഞ്ഞു വേഗത്തിൽ കാറിലേക്ക് കയറി ഇരുന്ന കലക്റ്ററോട് അടുത്തിരുന്ന ഭാര്യ അഞ്ജലി ചോദിച്ചു " നല്ല സുന്ദരി മോള് , ആരാണ് ഈ അമ്മിണി ?". അഞ്ജലിയുടെ കയ്യിൽ പയ്യെ തലോടി ജില്ലാ കലക്റ്റർ മറുപടി പറഞ്ഞു , " അതൊരു പാവം പൊട്ടി പെണ്ണാണ് , ഒരു തനി നാട്ടുമ്പുറത്തുകാരി"


< End > 

Monday, April 25, 2016

'ഡയലോഗ് അടി' - രണ്ടു ഓർമ്മകൾ


ജീവിതത്തിൽ വെറുതേ 'ഡയലോഗ് അടിക്കൽ' എന്ന എന്റെ ഒരു കൂട്ടുകാരന്റെ സ്വഭാവം കാരണം പലപ്പോഴും പല നേട്ടങ്ങളും ചിലപ്പോഴൊക്കെ ചില  കോട്ടങ്ങളും ഉണ്ടായിട്ടുണ്ട് !


ഒരു ബേക്കറിയിൽ കയറി ഞാരങ്ങാ വെള്ളം കുടിക്കുന്ന നേരത്ത്  , അടുത്തിരുന്നു കട്ട്ലെറ്റ് കഴിച്ചു കൊണ്ടിരുന്ന ചുവന്ന ചുരിദാർ അണിഞ്ഞ‌ പെൺ കുട്ടി  കേൾക്കെ ഉച്ചത്തിൽ , " നട്ടുച്ച നേരത്ത് കട്ട്ലെറ്റ് കഴിക്കുന്ന  ചുവന്ന ചുരിദാർ അണിഞ്ഞ‌ ഒരു സുന്ദരി പെൺ കുട്ടിയാണ് എന്റെ സങ്കൽപ്പത്തിലെ വധു "  എന്ന അവന്റെ വായിനോട്ട ഡയലോഗിൽ തുടങ്ങിയ അവരുടെ ആദ്യ പരിചയം , പിന്നെ അവരുടെ കല്യാണത്തിൽ ചെന്നെത്തിയതാണ് , അന്നവിടെ അവരുടെ കല്യാണത്തിന് വിളമ്പിയ നല്ല പാൽ പായസത്തിന്റെ രുചി പോലെ , മധുരമുള്ള ഒരോർമ...


പിന്നെയൊരിക്കൽ, ഒരു ബസ്‌ സ്റ്റാൻഡിൽ ബസ്സ്‌ കാത്തു നിൽക്കവേ, അത് വഴി ചുവന്ന T-ഷർട്ട്‌ ഇട്ടു നടന്നു വന്ന ഒരു കലുപ്പ് ചേട്ടനോട് , "ഇപ്പോൾ , ചുവന്ന T-ഷർട്ട്‌ ഒക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആണ് ചേട്ടാ , അത് കൊണ്ട് മസ്സിലു കുറച്ചൊന്നു വിട്ടുടെ  "    എന്ന് അവൻ ചോദിച്ചതിനു , അവനും അത് തടയാൻ ശ്രമിച്ച ഞങ്ങൾക്കും കിട്ടിയ നല്ല തല്ലാണു , ഒരു നീരു വെച്ച് വീങ്ങിയ കോട്ടത്തിന്റെ ഓർമ !


നമ്മുടെ ചില ഡയലോഗുകൾ ഇങ്ങനെയാണ്... ജീവിതത്തിന്റെ വഴിയാത്രയിൽ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളിൽ അത് നമ്മളെ നാളെ ചെന്നെത്തിക്കാം ....!

Tuesday, January 26, 2016

:: നിഷേധികളെ , നിങ്ങൾക്കായി ::

ഇന്നത്തെ സമൂഹത്തിൽ ഓരോ നിഷേധിയും ജീവിതത്തിൽ സ്ഥിരം കേൾക്കേണ്ടി വരുന്ന 5 പ്രയോഗങ്ങളും , അവയുടെ യഥാർത്ഥ അർത്ഥങ്ങളും  :


1. 'നിനക്ക് വട്ടാണ് ' ::
     അർത്ഥം : നിങ്ങൾ ഇപ്പോൾ വേറിട്ട്‌ ചിന്തിക്കുകയാണ് .


2. ' നിനക്ക് മുഴു ഭ്രാന്താണ് ::
      അർത്ഥം : നിങ്ങൾ അതീവ വത്യസ്തമായി ചിന്തിക്കുകയും , ആ ചിന്തകൾ നിങ്ങളുടെ ജീവിതത്തിൽ/ സമൂഹത്തിൽ ഒരു ചലനം ഉണ്ടാകാൻ പോവുകയും ചെയ്യുന്നു .


3. 'നിനക്ക് അഹങ്കാരമാണ് ' ::
      അർത്ഥം : അഹങ്കരിക്കാൻ അർഹതയുള്ള എന്തോ ഒന്നിന് ഉടമയാണ് നിങ്ങൾ .


4. '  നിനക്ക് സംശയ രോഗമാണ് '
      അർത്ഥം : നിങ്ങൾ അറിയാതെ നടക്കുന്നതിനെ പറ്റി, നിങ്ങൾ എന്തോ അറിഞ്ഞു തുടങ്ങുകയും , എന്നാൽ അത് തെളിയിക്കാൻ പ്രാപ്തമായ തെളിവുകൾ നേടാതെ , നിങ്ങൾ പ്രതികളോട് അത് തുറന്നു ചോദിക്കുകയും ചെയ്തു


5. ' നിനക്ക് ഈഗൊ ആണ് '
      അർത്ഥം : നിങ്ങൾക്ക് അർഹതയുള്ള ഒന്ന് നിങ്ങള്ക്ക് നിഷേധിച്ചു എന്ന് തോന്നുകയും , അതിനെ നിങ്ങൾ ചോദ്യം ചെയ്യുകയും ചെയ്തുഎല്ലാ വലിയ വിജയങ്ങളും ഇവിടെ നേടിയിട്ടുള്ളത് ഇത്തരം പ്രയോഗങ്ങളെ ഒക്കെ അതി ജീവിച്ചിട്ടുള്ള നിഷേധികൾ മാത്രമാണെന്ന് നിങ്ങളെ ഓർമിപ്പിച്ചു കൊണ്ട് ,  ഓരോ നിഷേധിയും തളരരുത് , പതറരുത് , വീഴരുതെന്ന് എന്ന് ആഗ്രഹിച്ചു കൊണ്ട് , നിഷേധികൾ കൊണ്ട് നിറഞ്ഞ ഒരു നിഷേധാത്മക ഭാവി ഇന്ത്യ സ്വപ്നം കണ്ടുകൊണ്ടു ... ജയ് ഹിന്ദ്‌ !Monday, January 18, 2016

... അർഹതയില്ലാത്ത കാര്യങ്ങൾ ...നഗരത്തിലെ തിരക്കേറിയ തെരുവിലൂടെ നടന്നു പോവുകയായിരുന്ന ഒരു പുരോഹിതനും ശിഷ്യനും. ആ തെരുവിൽ  കൂടുതലും താമസിച്ചിരുന്നത് അവരുടെ മതത്തെ ശത്രു പക്ഷമായി കരുതുന്ന മറ്റൊരു  മത വിഭാഗത്തിൽ പെട്ടവരായിരുന്നു. തങ്ങളുടെ ഇടയിലൂടെ പുഞ്ചിരിച്ചു കൊണ്ട് , സമാധാനത്തോടെ നടന്നു നീങ്ങിയ , പുരോഹിതനെ കണ്ടു , അവർ അതിശയിച്ചു . ചിലർ അദ്ധേഹത്തെ വഴിയുടെ വശങ്ങളിൽ നിന്നും കൊണ്ട് അസഭ്യ വാക്കുകൾ കൊണ്ട് മൂടി . അപ്പോഴും , അവരെയൊക്കെ നോക്കി പുഞ്ചിരിച്ചു നടന്നു വീട്ടിൽ തിരികെയെത്തി സമാധാനപൂർവ്വം  പ്രാർത്ഥനക്ക് ഒരുങ്ങിയ പുരോഹിതനോട് ശിഷ്യൻ അതിശയത്തോടെ, അവർ ഇത്രയൊക്കെ പറഞ്ഞിട്ടും എന്ത് കൊണ്ടാണ് അദ്ദേഹത്തിന് ഒട്ടും സങ്കടമോ ദേഷ്യമോ  തോന്നാത്തത് എന്ന്  ചോദിച്ചു. അപ്പോൾ പുരോഹിതൻ ചിരിച്ചു കൊണ്ട് ഇപ്പ്രകാരം മറുപടി നൽകി,


" നമ്മൾ അർഹരല്ല എന്ന് തോന്നുന്നവ നാം സ്വീകരിക്കാതിരിക്കുക "


പണമായാലും പദവിയായാലും മാത്രമല്ല ; പരാജയമായാലും തോൽവിയായാലും കുറ്റപ്പെടുത്തലുകൾ ആയാലും , നമ്മൾ അതിനൊക്കെ അർഹരല്ല എന്ന് നമുക്ക് തോന്നിയാൽ അത് നമ്മൾ ഒരിക്കലും സ്വീകരിക്കരുതെന്ന ഗുണപാഠം വായനക്കാരെ  ഓർമിപ്പിച്ചു കൊണ്ട് നിർത്തുന്നു .Wednesday, January 6, 2016

...ഒരു നർമം ..." സോറി സാർ ... ഇപ്പോൾ ഇവിടെയില്ലാത്ത ഒരാളെ പറ്റി , അയാളുടെ അഭാവത്തിൽ, ഞാൻ എന്തെങ്കിലും പറയുന്നത് , എന്റെ ജീവിത ആദർശങ്ങൾക്കു ശരിയല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നത് കൊണ്ട് , ഇതാ , ഞാൻ ഈ ക്ലാസ്സ്‌ ബഹിഷ്ക്കരിക്കുകയാണ് ... എന്നോട് ക്ഷമിക്കണം സർ "


ഇത്രയും ഡയലോഗ് സിനിമ സ്റ്റൈലിൽ പറഞ്ഞു, 10 B ക്ലാസ്സിൽ നിന്നും ഇറങ്ങി പോയ , വിദ്യാർഥി നേതാവ് കുട്ടി സഖാവ് സുദേവൻ .C-യെ നോക്കി, ആ ക്ലാസ്സു കുട്ടികൾ മുഴുവൻ കോൾമയിർ കൊണ്ടു .


ഗാന്ധിജിയുടെ അഭാവത്തിൽ ,' ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ ' എന്ന വിഷയത്തിൽ , ഇനി താനെങ്ങനെ ക്ലാസ്സിലെ മറ്റു കുട്ടികളോട് ആ ചോദ്യം ചോദിക്കും എന്നറിയാതെ, ഹിസ്റ്ററി സാറായ പ്രേമൻ സാർ ഒരു നിമിഷം കണ്ണും തള്ളി പകച്ചു നിന്നു .
Thursday, December 24, 2015

... ചില പൊട്ടന്മാർ ..."അരികിൽ ... നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ...
 .....ഒരുമാത്ര വെറുതെ നിനച്ചു പോയി ..... "
 
കാർ സ്ടീരിയോയിലൂടെ ഒഴുകിയെത്തിയ ആ നല്ല പാട്ടിന്റെ സുഖത്തെ ശല്യപ്പെടുത്തി കൊണ്ട് , ഗിയർ ബൊക്സിനു അടുത്തുള്ള ഹോൾഡറിൽ  വെച്ച മൊബൈൽ ഫോണ്‍ നിർത്താതെ ശബ്ദിച്ചു ....


" നീ ആരാന്നു ഒന്ന് നോക്കിയേടി " , പാട്ടിൽ ലയിച്ചു ഏതോ സ്വപ്ന ലോകത്ത് ആയിരുന്ന ഭാര്യ മാലിനിയെ തട്ടിയുണർത്തി കൊണ്ട് സുകുമാർ പറഞ്ഞു.


"ആരെങ്കിലും ആയ്ക്കോട്ടെ , ഇപ്പോൾ ചേട്ടൻ ഡ്രൈവ് ചെയ്യുകയല്ലേ ... പിന്നെ എടുത്താൽ പോരെ ... " , തന്റെ മടിയാണ് മുഖ്യ കാരണം എങ്കിലും , റോഡിനെയും റോഡ്‌ നിയമങ്ങളെയും ബഹുമാനിച്ചു കൊണ്ട് , ഭാര്യ  നടത്തിയ ആ നല്ല അഭിപ്രായം , സുകുമാർ പതിവ് പോലെ , ഭർത്താവിന്റെ 'വീറ്റോ ' പവർ ഉപയോഗിച്ച് മറികടന്നു , അടുത്ത നിർദ്ദേശം നൽകി ," ഒന്ന് അനങ്ങി നോക്കെടി പോത്തേ .... ആരേലും അത്യാവാശ്യക്കാരാകും"


മാലിനിയുടെ ഒരു സ്വഭാവ രീതി വെച്ച്, " പോത്ത് , നിങ്ങടെ മുതുക്കി തള്ള "  എന്ന സത്യം മുഖം നോക്കി തുറന്നടിച്ചു പറയുന്നതാണ് ശീലമെങ്കിലും , ഭാരത സ്ത്രീകൾ തൻ ഭാവ ശുദ്ധിയും , ആർഷ ഭാരത സംസ്കാരവും ഉള്ളിലേന്തിയ മാതൃകാ ദമ്പതിയായ മാലിനി , മറുപടി ഉള്ളിൽ കടിച്ചമർത്തി, ഒരു ചെറു പുഞ്ചിരിയോടെ , ആ ഡയലോഗ് സ്വയം മനസ്സിൽ മാത്രം പറഞ്ഞു ഫോണ്‍ എടുത്തു നോക്കി !" ചേട്ടാ , ഇത് ആ ജോസാണ്... പിന്നെയെങ്ങാനും തിരിച്ചു വിളിച്ചാൽ പോരെ "


സുകുമാർ ആ അഭിപ്രായം പതിവ് ശീലം പോലെ വീണ്ടും അവഗണിച്ചു , ഫോണ്‍ സ്പീക്കറിൽ ഇടാൻ നിർദേശിച്ചു,


" എന്താണ് ജോസേ ...  എന്തെങ്കിലും അത്യാവശ്യം ? "


" സുകുവേട്ടാ , നാൻസിക്ക് ഈ വീക്കെന്റ്  കൊച്ചിയിലെ അവൾടെ വീട്ടിലേക്കു പോണം എന്നുണ്ട് ... അവളെ ഒറ്റയ്ക്ക് വിടാൻ എനിക്കൊരു മടി ... നിങ്ങൾ ഈ ആഴ്ചയല്ലേ അങ്ങോട്ട്‌ ബിസിനസ്‌ ട്രിപ്പ്‌ ഉണ്ടെന്നു പറഞ്ഞത് ... അതെ ട്രെയിനിൽ അവളെയും ഞാൻ വിട്ടാൽ ബുദ്ധിമുട്ടാകുവോ... ?"


" എനിക്കെന്തു ബുദ്ധിമുട്ട് ജോസേ ...  നീ ട്രെയിൻ ബുക്ക്‌ ചെയ്തു എന്നോട് പറഞ്ഞാൽ മതി ... യാത്രേൽ എന്തേലും ആവശ്യമുണ്ടേൽ ഞാൻ ഹെൽപ് ചെയ്തോളാം ... ശരിയപ്പോൾ , ഞാൻ ഡ്രൈവിങ്ങിലാണ്... നീ ഡിടൈൽസ് മെയിൽ അയച്ചാൽ മതി ... ""

മാലിനി തിരിച്ചു ഫോണ്‍ ഹോൾഡറിൽ വെക്കാൻ നേരം , അപ്പുറത്ത് ജോസിന്റെ സൈഡിൽ നിന്നും , ഫോണ്‍ കട്ടാകാതെ , അവിടത്തെ ഓഫീസിലെ തുടർ സംസാരം സ്പീക്കറിൽ കേൾക്കാമായിരുന്നു ... 


" അങ്ങനെ ആ മിനക്കെട് ഒഴിഞ്ഞു ... ഞാനും പോകാനിരുന്നതാണ് , അപ്പോൾ നാൻസിയാണ് ബുദ്ധി പറഞ്ഞത് ... സുകുമാർ ആകുമ്പോൾ ആള് ഒരു പൊട്ടനാണ്‌ , ചേട്ടാ എന്ന് വിളിച്ചാൽ എന്ത് സഹായവും ചെയ്യും "


അപ്രതീക്ഷിതമായി ഒളിഞ്ഞു കേട്ട ആ സംസാരം മാലിനിയുടെയും സുകുമാരിന്റെയും മുഖം വല്ലാതെ ആക്കിയെങ്കിലും , സുകുമാർ ഒരു വിളറിയ ചിരിയോടെ മാലിനിയോടു പറഞ്ഞു ,


" ഇതാണ് ഈ ഇലക്ട്രോണിക് സാധനങ്ങളുടെയൊക്കെ കുഴപ്പം , എന്ത് ആളുകളെ  കേൾപ്പിക്കണം കേൾപ്പിക്കരുത് എന്നൊന്നും ഒരു വകതിരിവും ഇല്ല ... അവന്റെ മനസ്സിലല്ലേ ഞാൻ വെറുമൊരു പൊട്ടൻ , പക്ഷെ ,എനിക്കവനും നാൻസിയും ഒരിക്കലും അങ്ങനെയല്ലല്ലോ ... " !


"ചുമ്മാതെ അല്ല ആളുകള് ഇങ്ങേരെ പൊട്ടനെന്നു വിളിക്കുന്നത്‌  , മരപൊട്ടൻ", എന്ന് സ്വയം മനസ്സിൽ പറഞ്ഞു , മാലിനി ദേഷ്യത്തോടെയും സങ്കടത്തോടെയും , കാർ വിൻഡോയിലൂടെ പുറത്തേക്കു നോക്കി , സ്വന്തം ഭർത്താവിനെ കുറിച്ചോർത്തു സഹതപിച്ചു.


ഈ സമയം , സുകുമാറിന്റെ ഇമെയിൽ ഇൻ ബോക്സിൽ ഒരു പുതിയ മെയിൽ വന്ന ഫോണ്‍ നോട്ടിഫിക്കേഷൻ ശബ്ദം , ആരും കേൾക്കാത്ത പതിഞ്ഞ ശബ്ധത്തിൽ ചെറുതായി മുഴങ്ങി ...ആ മെയിലിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു ....


" ഹേ ഡിയർ , അവർ പ്ലാൻ സക്സസ് ... വെയിറ്റിങ്ങ് ഫോർ ഫ്രൈഡേ ... ഒണ്‍ലി യുവേർസ്‌, നാൻസി "


< ദി എൻഡ് >