Saturday, August 9, 2008

പ്രണയങ്ങള്‍ യാചിക്കുന്നതു.


മരിച്ചു എന്ന് വിധി എഴുതി, പലപ്പോഴും നമ്മള്‍ പ്രണയത്തെ ജീവനോടെ കല്ലറകളില്‍ അടക്കം ചെയ്യുന്നു.

പിന്നീട് അവ പുഴുക്കള്‍ അരിച്ചു, വേദനയോടെ അഴുകി ഇല്ലാതാവുന്നു.


മരിച്ച പ്രണയം പോലും നമ്മോടു യാചിക്കുന്നതു മാന്യമായ ഒരു യാത്ര അയപ്പ് മാത്രമല്ലേ.....


മരിച്ചെന്നു വിധി എഴുതി അടക്കം ചെയ്യും മുന്‍പ് നമുക്കു ഒരു ദിവസം കൂടി കാത്തിരുന്നു കൂടെ..... ജീവന്‍റെ തുടിപ്പുകള്‍ അവശേഷിക്കുന്നില്ല എന്ന് ഉറപ്പാക്കുവാന്‍ വേണ്ടി മാത്രം?


കുമ്പസാരം: ഒരു റഷ്യന്‍ നാടന്‍ കഥയില്‍ നിന്നും കടമെടുത്ത ആശയം.

Monday, August 4, 2008

കാണാതെ പോകുന്നത്.


തുളുമ്പി നിറഞ്ഞ നിന്‍റെ കണ്‍കളില്‍ നോക്കി,
കരയുമ്പോള്‍ അവയ്ക്ക് കൂടുതല്‍ ചേല്‍ ആണെന്ന് ഞാന്‍ മൊഴിഞ്ഞു.
ദൂരേക്ക് നോക്കി നീ ഏകയായി ഇരിക്കുമ്പോള്‍
ഏകാന്തതയെ പ്രണയിക്കുന്ന നിന്‍റെ അഴകു ഞാന്‍ നോക്കി നിന്നു.
നീ വാചാലമായി പറയാന്‍ തുടങ്ങുമ്പോള്‍
നിന്‍റെ മൌനത്തിനു കൂടുതല്‍ ചേലെന്നു പറഞ്ഞു നിന്നെ ഞാന്‍ മൌനിയാക്കി.

ദുഖങ്ങള്‍ ഒക്കെയും ഉള്ളില്‍ ഉതുക്കി നീ ചിരിച്ചു.....

ഇന്നു നീ രാവില്‍ , മാനത്ത് ഒരു നക്ഷത്രമായി തെളിയുമ്പോള്‍
കവി ഭാവനകള്‍ക്കിടയില്‍ കാണാതെ പോയ
നിന്‍റെ ഹൃദയത്തെ ഓര്‍ത്തു ഞാന്‍ തേങ്ങുന്നു.....
എന്‍റെ ഭാവനകളെ സ്വയം പഴിച്ചു കൊണ്ടു.

Saturday, August 2, 2008

വെറുതേ ചില മോഹങ്ങള്‍...

കോരി ചൊരിയുന്ന ഈ പെരു മഴയത്ത്
ദുഖങ്ങള്‍ ഒക്കെയും പെയ്തൊഴിഞ്ഞിരുന്നെങ്കില്‍.

ഇളം കാറ്റിലാടുന്ന ഈ ഇലകള്‍ പോല്‍ നമ്മളും
ഭാരങ്ങള്‍ ഇല്ലാതെ പതിയെ ചലിച്ചു ഇരുന്നെങ്കില്‍.

ശാന്തമായി ഒഴുകുന്ന ഈ കടല്‍ത്തിരകളില്‍
ഒരു മഞ്ഞു തുള്ളിയായ് പതിയെ അലിഞ്ഞിരുന്നെങ്കില്‍.

Friday, August 1, 2008

വിരഹം.


കണ്ടു മതി വരാത്ത ഒരു സ്വപ്നത്തിന്‍ തുടര്‍ച്ച പോല്‍........... നിന്‍ മുഖം.
കേള്‍ക്കാന്‍ കൊതിച്ചൊരു പാട്ടിന്‍റെ ഈണമായ്............. നിന്‍ സ്വരം.

നിന്‍ ഓര്‍മ്മകള്‍ കണ്‍കളില്‍ കണ്ണുനീര്‍ തുള്ളികളായ് നിറയവേ,
ശ്വാസ നിശ്വാസങ്ങള്‍ക്കിടയില്‍ ഞാന്‍ അറിയുന്നു......വിരഹ നോവിനാല്‍ നീറുന്ന ഒരു യുഗം.

ദേശാടനപക്ഷികള്‍


എന്നും വെറും അഗതികള്‍ മാത്രമായ്, ഒരുപാടു കാതം അലയുവാന്‍ വിധിച്ചവര്‍.

സ്വന്തമായി ഒന്നും നേടുവാന്‍ കൊതിക്കാതെ, സ്നേഹത്തിന്‍ നീര്‍ ച്ചാല്‍ ഉറവകള്‍ തേടുന്നവര്‍.

സ്വാര്‍ഥമാം മതില്‍ കെട്ടുകള്‍ പണിയാതെ, വാനവും വിണ്ണും പങ്കിട്ടു ജീവിപ്പവര്‍.

എരിയുന്ന വെയിലിലും, ചൊരിയുന്ന പെരു മഴയിലും, അഭയം എന്ന സ്വപ്നം പോലും നിഷേധിക്ക പെട്ടവര്‍.


എങ്കിലും......... ദേശാടനപക്ഷികള്‍ കരയാറില്ലത്രെ!!!!!!!

നിഴലുകള്‍


കണ്ണ് നനയിക്കുന്ന ചില സത്യങ്ങളെകളും എനിക്കിഷ്ടം

ചെറു ചിരി ഉണര്‍ത്തുന്ന ചെറിയ കള്ളങ്ങള്‍ ആണ്.

അത് കൊണ്ടു തന്നെ ഞാന്‍ നിങ്ങളുടെ നിഴലുകളെ കൂടുതല്‍ ഇഷ്ടപ്പെടുന്നു.