Thursday, December 24, 2015

... ചില പൊട്ടന്മാർ ...



"അരികിൽ ... നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ...
 .....ഒരുമാത്ര വെറുതെ നിനച്ചു പോയി ..... "
 
കാർ സ്ടീരിയോയിലൂടെ ഒഴുകിയെത്തിയ ആ നല്ല പാട്ടിന്റെ സുഖത്തെ ശല്യപ്പെടുത്തി കൊണ്ട് , ഗിയർ ബൊക്സിനു അടുത്തുള്ള ഹോൾഡറിൽ  വെച്ച മൊബൈൽ ഫോണ്‍ നിർത്താതെ ശബ്ദിച്ചു ....


" നീ ആരാന്നു ഒന്ന് നോക്കിയേടി " , പാട്ടിൽ ലയിച്ചു ഏതോ സ്വപ്ന ലോകത്ത് ആയിരുന്ന ഭാര്യ മാലിനിയെ തട്ടിയുണർത്തി കൊണ്ട് സുകുമാർ പറഞ്ഞു.


"ആരെങ്കിലും ആയ്ക്കോട്ടെ , ഇപ്പോൾ ചേട്ടൻ ഡ്രൈവ് ചെയ്യുകയല്ലേ ... പിന്നെ എടുത്താൽ പോരെ ... " , തന്റെ മടിയാണ് മുഖ്യ കാരണം എങ്കിലും , റോഡിനെയും റോഡ്‌ നിയമങ്ങളെയും ബഹുമാനിച്ചു കൊണ്ട് , ഭാര്യ  നടത്തിയ ആ നല്ല അഭിപ്രായം , സുകുമാർ പതിവ് പോലെ , ഭർത്താവിന്റെ 'വീറ്റോ ' പവർ ഉപയോഗിച്ച് മറികടന്നു , അടുത്ത നിർദ്ദേശം നൽകി ,



" ഒന്ന് അനങ്ങി നോക്കെടി പോത്തേ .... ആരേലും അത്യാവാശ്യക്കാരാകും"


മാലിനിയുടെ ഒരു സ്വഭാവ രീതി വെച്ച്, " പോത്ത് , നിങ്ങടെ മുതുക്കി തള്ള "  എന്ന സത്യം മുഖം നോക്കി തുറന്നടിച്ചു പറയുന്നതാണ് ശീലമെങ്കിലും , ഭാരത സ്ത്രീകൾ തൻ ഭാവ ശുദ്ധിയും , ആർഷ ഭാരത സംസ്കാരവും ഉള്ളിലേന്തിയ മാതൃകാ ദമ്പതിയായ മാലിനി , മറുപടി ഉള്ളിൽ കടിച്ചമർത്തി, ഒരു ചെറു പുഞ്ചിരിയോടെ , ആ ഡയലോഗ് സ്വയം മനസ്സിൽ മാത്രം പറഞ്ഞു ഫോണ്‍ എടുത്തു നോക്കി !



" ചേട്ടാ , ഇത് ആ ജോസാണ്... പിന്നെയെങ്ങാനും തിരിച്ചു വിളിച്ചാൽ പോരെ "


സുകുമാർ ആ അഭിപ്രായം പതിവ് ശീലം പോലെ വീണ്ടും അവഗണിച്ചു , ഫോണ്‍ സ്പീക്കറിൽ ഇടാൻ നിർദേശിച്ചു,


" എന്താണ് ജോസേ ...  എന്തെങ്കിലും അത്യാവശ്യം ? "


" സുകുവേട്ടാ , നാൻസിക്ക് ഈ വീക്കെന്റ്  കൊച്ചിയിലെ അവൾടെ വീട്ടിലേക്കു പോണം എന്നുണ്ട് ... അവളെ ഒറ്റയ്ക്ക് വിടാൻ എനിക്കൊരു മടി ... നിങ്ങൾ ഈ ആഴ്ചയല്ലേ അങ്ങോട്ട്‌ ബിസിനസ്‌ ട്രിപ്പ്‌ ഉണ്ടെന്നു പറഞ്ഞത് ... അതെ ട്രെയിനിൽ അവളെയും ഞാൻ വിട്ടാൽ ബുദ്ധിമുട്ടാകുവോ... ?"


" എനിക്കെന്തു ബുദ്ധിമുട്ട് ജോസേ ...  നീ ട്രെയിൻ ബുക്ക്‌ ചെയ്തു എന്നോട് പറഞ്ഞാൽ മതി ... യാത്രേൽ എന്തേലും ആവശ്യമുണ്ടേൽ ഞാൻ ഹെൽപ് ചെയ്തോളാം ... ശരിയപ്പോൾ , ഞാൻ ഡ്രൈവിങ്ങിലാണ്... നീ ഡിടൈൽസ് മെയിൽ അയച്ചാൽ മതി ... ""

മാലിനി തിരിച്ചു ഫോണ്‍ ഹോൾഡറിൽ വെക്കാൻ നേരം , അപ്പുറത്ത് ജോസിന്റെ സൈഡിൽ നിന്നും , ഫോണ്‍ കട്ടാകാതെ , അവിടത്തെ ഓഫീസിലെ തുടർ സംസാരം സ്പീക്കറിൽ കേൾക്കാമായിരുന്നു ... 


" അങ്ങനെ ആ മിനക്കെട് ഒഴിഞ്ഞു ... ഞാനും പോകാനിരുന്നതാണ് , അപ്പോൾ നാൻസിയാണ് ബുദ്ധി പറഞ്ഞത് ... സുകുമാർ ആകുമ്പോൾ ആള് ഒരു പൊട്ടനാണ്‌ , ചേട്ടാ എന്ന് വിളിച്ചാൽ എന്ത് സഹായവും ചെയ്യും "


അപ്രതീക്ഷിതമായി ഒളിഞ്ഞു കേട്ട ആ സംസാരം മാലിനിയുടെയും സുകുമാരിന്റെയും മുഖം വല്ലാതെ ആക്കിയെങ്കിലും , സുകുമാർ ഒരു വിളറിയ ചിരിയോടെ മാലിനിയോടു പറഞ്ഞു ,


" ഇതാണ് ഈ ഇലക്ട്രോണിക് സാധനങ്ങളുടെയൊക്കെ കുഴപ്പം , എന്ത് ആളുകളെ  കേൾപ്പിക്കണം കേൾപ്പിക്കരുത് എന്നൊന്നും ഒരു വകതിരിവും ഇല്ല ... അവന്റെ മനസ്സിലല്ലേ ഞാൻ വെറുമൊരു പൊട്ടൻ , പക്ഷെ ,എനിക്കവനും നാൻസിയും ഒരിക്കലും അങ്ങനെയല്ലല്ലോ ... " !


"ചുമ്മാതെ അല്ല ആളുകള് ഇങ്ങേരെ പൊട്ടനെന്നു വിളിക്കുന്നത്‌  , മരപൊട്ടൻ", എന്ന് സ്വയം മനസ്സിൽ പറഞ്ഞു , മാലിനി ദേഷ്യത്തോടെയും സങ്കടത്തോടെയും , കാർ വിൻഡോയിലൂടെ പുറത്തേക്കു നോക്കി , സ്വന്തം ഭർത്താവിനെ കുറിച്ചോർത്തു സഹതപിച്ചു.


ഈ സമയം , സുകുമാറിന്റെ ഇമെയിൽ ഇൻ ബോക്സിൽ ഒരു പുതിയ മെയിൽ വന്ന ഫോണ്‍ നോട്ടിഫിക്കേഷൻ ശബ്ദം , ആരും കേൾക്കാത്ത പതിഞ്ഞ ശബ്ധത്തിൽ ചെറുതായി മുഴങ്ങി ...ആ മെയിലിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു ....


" ഹേ ഡിയർ , അവർ പ്ലാൻ സക്സസ് ... വെയിറ്റിങ്ങ് ഫോർ ഫ്രൈഡേ ... ഒണ്‍ലി യുവേർസ്‌, നാൻസി "


< ദി എൻഡ് >
 

Monday, December 7, 2015

... ഉത്തരവാദിത്തം ഇല്ലാത്ത ഒരു അച്ഛൻ ...


സ്കൂൾ പ്രിൻസിപലിന്റെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ അവന്റെ അമ്മയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു. തല കുനിച്ചു നടക്കുന്ന മകൻറെ തോളത്തു കയ്യിട്ടു നടന്നിറങ്ങിയ അച്ഛനോട് അവർ തട്ടിക്കയറി....  "നിങ്ങൾ , നിങ്ങൾ ഒറ്റ ഒരാളാണ് ഇവനെ ഇങ്ങനെ വഷളാക്കുന്നത് . കഴിഞ്ഞ ആഴ്ച സ്റ്റെജിൽ ഇവന് സമ്മാനം കൊടുത്തു നല്ല വാക്കുകൾ പറഞ്ഞ പ്രിൻസിപ്പലിന്റെ അതെ വായിൽ നിന്നും തന്നെ, ഇപ്പോൾ ഇവന്റെ കംപ്ലൈന്റും കേട്ടപ്പോൾ നിങ്ങൾക്ക് മതിയായില്ലേ ... "


പതിവ് പോലെ അച്ഛൻ അമ്മയോട് മറുപടിയൊന്നും നൽകാതെ നടന്നു. അപ്പോൾ അയാൾ മനസ്സിൽ തന്റെ പഴയ സ്കൂൾ ജീവിതത്തിലെ ഒരു സംഭവം ഓർക്കുകയായിരുന്നു ....


""............പുതിയതായി സ്കൂൾ മാറി എത്തിയ അവനു ആദ്യം തന്നെ കുട്ടായി കിട്ടിയത് സഞ്ചുവിനെ ആയിരുന്നു. പഠിക്കാൻ മിടുക്കനും എല്ലാ വർഷവും ആ ക്ലാസ്സിലെ മികച്ച വിദ്യാർഥി ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ബഹു മിടുക്കനായ സഞ്ചു. ആ വർഷം ഓണപരീക്ഷക്ക് സഞ്ചുവിനു ഒന്നാം റാങ്കും , അവനു രണ്ടാം റാങ്കും കിട്ടിയതോടെ ആ നല്ല സൗഹൃദം ക്ലാസിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായി . പക്ഷെ , ക്രിസ്മസ് പരീക്ഷയ്ക്ക്  അവൻ ഒന്നാം റാങ്കും , സഞ്ചു രണ്ടാം റാങ്കുമായി മാറിയതോടെ , സഞ്ചു കൂടുതൽ മൂകനായി . ഒടുവിൽ ആ വർഷം ക്ലാസ്സിലെ ഏറ്റവും മികച്ച വിദ്യാർഥി ആയി അവൻ തിരഞ്ഞെടുത്തതോടെ സഞ്ചു അവനോട് മുഖത്ത് പോലും നോക്കാതെ ആയി . 'എന്ത് ആണെടാ നിനക്ക് പറ്റിയതെന്നു 'സങ്കടത്തോടെ ചോദിച്ചു , തോളത്തു കൈവെച്ച അവന്റെ മുഖത്ത് ആഞ്ഞടിച്ചു സഞ്ചു പൊട്ടിത്തെറിച്ചു , " ഇനി എന്നെ ശല്യപ്പെടുതരുതെന്നു എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാവില്ലെടാ ചതിയാ ... "  ! അടുത്ത കൂട്ടുകാരന്റെ അപ്രതീക്ഷിതമായ പെരുമാറ്റവും , ആ പുതിയ ഭാവവും കണ്ടു കരഞ്ഞു പോയ അവനെ , ഇതെല്ലാം കണ്ടു കൊണ്ട് പിറകിൽ വരികയായിരുന്ന ആനി ടീച്ചർ ചേർത്ത് നിർത്തി പറഞ്ഞു ;  " മോൻ വിഷമിക്കണ്ട , ഇത് നിന്റെ അസാമാന്യ കഴിവിന്റെയും വളർച്ചയുടെയും ഒരു ചെറിയ അടയാളം മാത്രമാണ് ,  അടുത്ത കൂട്ടുകാരന് പോലും ചെറിയ അസൂയ തോന്നുന്ന വളർച്ച ! സഞ്ചു നല്ല കുട്ടിയാണ് , അവനു കുറെ നേരം നിന്നോട് മിണ്ടാതെ ഇരിക്കനാകില്ല. അത് വരെ നീ നിന്റെ സ്നേഹം കൊണ്ട് അവന്റെ അസൂയയെ നേരിടുക , ഒരു നല്ല കൂട്ടുകാരന്റെ ചെറിയ ചില തെറ്റുകൾ ക്ഷമിക്കുക  ".............""


തിരിച്ചു കാറിലോട്ടു കയറുമ്പോൾ അച്ഛൻ മകനോട്‌ ചോദിച്ചു , "നിനക്ക് എതിരെ കംപ്ലൈന്റ്റ്‌ കൊടുത്ത ആ കുട്ടിയോട് നിനക്ക് ദേഷ്യമുണ്ടോ ? "


പൊട്ടിക്കരഞ്ഞു കൊണ്ട് മകൻ പറഞ്ഞു ,


" ഇല്ലച്ചാ , എന്റെ അടുത്ത നല്ല കൂട്ടുകാരനായിട്ടും അവനെന്തിനാണ്‌ എന്നോട് നിസാരകാര്യത്തിനു ചൂടായി എന്നെ തല്ലിയത് എന്നാലോചിച്ചപ്പോൾ സങ്കടം ; അല്ലാതെ വേറൊന്നുമില്ല "


മകനെ ഒന്ന് തലോടി , അവന്റെ തലയിൽ ഒരുമ്മയും കൊടുത്തു , വളരെ സന്തോഷമുള്ള മുഖത്തോടെ കാർ ഓടിച്ചു കൊണ്ടിരുന്ന അച്ഛനെ നോക്കി അമ്മ അപ്പോഴും ചൂടാകുന്നുണ്ടായിരുന്നു ....


" തെറ്റ് ചെയ്ത മകനെ ഒന്ന് ശകാരിക്കുക  പോലും ചെയ്യാതെ , തലയിൽ ഉമ്മയും കൊടുത്തു , അവനെ വഷളാക്കുന്ന , ഉത്തരവാദിത്തം ഇല്ലാത്ത ഒരു അച്ഛൻ "










Wednesday, November 4, 2015

...വിതച്ചതും കൊയ്തതും ...


വിതച്ചത് ::


ക്ലാസ്സിൽ ഒന്നാം റാങ്ക് അവൻ വാങ്ങിയില്ല എന്ന തെറ്റിന് , മൂന്നാം റാങ്ക് വാങ്ങി വീട്ടിൽ വന്ന , പഠിക്കാൻ ബുദ്ധിയില്ലാത്ത മകൻ എന്ജിനിയരോ ഡോക്റ്ററോ ആകാതെ , ജീവിതത്തിൽ തെണ്ടി നടക്കുന്നത് കാണേണ്ടി വരുമല്ലോ ദൈവമേ എന്ന് പറഞ്ഞു കരയുന്ന അമ്മ...


അവന്റെ  കയ്യിലും കാലിലും ചുവന്നു തുടുത്തിരുന്ന അമ്മയുടെ കൈവിരൽ പതിഞ്ഞ അടിയുടെ നീറ്റലിനെക്കാളും വേദനയോടെ , തന്റെ പോരായ്മ കാരണം കരയേണ്ടി വന്ന പാവം അമ്മയുടെ ഗതി കേടിനെ കുറിച്ചോർത്തു തന്റെ ഒരു രാത്രി കരഞ്ഞു കിടന്നുറങ്ങുന്ന മകൻ !


കൊയ്തത് ::


നാട്ടിലെ കൊട്ടാരം പോലുള്ള വീട്ടിൽ ഒരു കൂട്ടം പണിക്കാരുടെ ഇടയിൽ , വയസ്സ് കാലത്ത് ഒറ്റയ്ക്ക് കിടന്നു മരിക്കേണ്ടി വരുമല്ലോ എന്ന തന്റെ ഗതികേട് ഓർത്തു,  മകനോട്‌ ഫോണിൽ  പൊട്ടിക്കരയുന്ന അമ്മ....


"നിങ്ങൾക്ക് എപ്പോഴും ഈ കരച്ചിൽ നാടകം തന്നെയാണല്ലോ പണി" , എന്നും പറഞ്ഞു ദേഷ്യപ്പെട്ടു, ഫോണ്‍ കട്ട് ചെയ്തു തന്റെ തിരക്കുള്ള ജോലി ദിവസം ആരംഭിക്കുന്ന , വിദേശത്ത് കുടിയേറി പാർക്കുന്ന ,വളരെ തിരക്കുള്ള പ്രശസ്തനായ ഡോക്ട്ടർ മകൻ !



 

Friday, October 2, 2015

...വഴിവക്കിലെ ആ ഒരാൾ...


ദിവസവും രാവിലെ ഞാൻ ഓഫീസിലേക്ക് പോകുന്ന വഴിയിൽ , ലോസ് ആഞ്ചലസിലെ തിരക്കുള്ള ഒരു ട്രാഫിക്ക് സിഗ്നലിൽ , പതിവായി കാണാറുള്ള ഒരു ഹോം ലെസ്സ് മനുഷ്യനെ കുറിച്ചാണ് ഈ കുറിപ്പ്.....


ഞാൻ വഴിവക്കിൽ ദിവസേന കാണാറുള്ള ഒരുപാട് ഹോം ലെസ്സ് മനുഷ്യരിൽ നിന്നും , ഇദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിച്ചത് , എപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് കാണാറുള്ള നല്ലൊരു ചിരി കാരണം ആണ്. നമ്മളൊക്കെ വളരെ തിരക്ക് പിടിച്ചു രാവിലെ ദിവസം തുടങ്ങി , അന്ന് ഓഫീസിലും വീട്ടിലും ഒക്കെ ചെയ്തു തീർക്കേണ്ട, വലിയ കാര്യങ്ങളെ കുറിച്ചൊക്കെ ഓർത...്തു ടെൻഷൻ ഒക്കെ അടിച്ചു , ആരെയൊക്കെയോ പ്രാകി പതിവായി ടാഫിക് സിഗ്നലിൽ ദേഷ്യത്തിൽ കാറിൽ ഇരിക്കുമ്പോൾ , ആ വഴിവക്കിലെ വെയിലിൽ ഇതൊന്നുമില്ലാതെ , കാറുകളിൽ എ.സി ഇട്ടിരുക്കുന്നവരെ നോക്കി , 'Have A Nice Day' എന്നൊരു ബോർഡും തൂക്കി നല്ലോണം ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു വയസായ മനുഷ്യൻ !


ഏതാണ്ട് ഒരു മാസത്തിനിടയിൽ , രണ്ടോ മൂന്നോ വട്ടം, ഞാൻ കയ്യിലുള്ള കുറച്ചു ചില്ലറകൾ അയാൾക്ക്‌ കൊടുത്തിരുന്നു. അപ്പോഴൊക്കെ ചിരിച്ചു കൊണ്ട് വാങ്ങി , കൈ വീശി കാണിച്ചു അദ്ദേഹം നന്ദി പറഞ്ഞു. കൂടുതൽ പ്രാവശ്യം ഞാൻ ഒന്നും കൊടുക്കുന്നില്ലെങ്കിലും ,എന്റെ വണ്ടി ആ സിഗ്നലിൽ നിർത്തുമ്പോൾ അദ്ദേഹം കൈ വീശി പരിചയം കാട്ടുമായിരുന്നു, അപ്പോൾ ഞാനും തിരിച്ചും കൈ വീശി ചിരിക്കും.


സാധാരണ കാശ് കൊടുക്കാൻ താൽപര്യം ഉള്ളവർ, കാർ വിൻഡോ താഴ്ത്തി , കൈകാട്ടി വിളിച്ചാൽ വിളിച്ചാൽ മാത്രം അടുത്ത് വരാറുള്ള ആ മനുഷ്യൻ , ഒരിക്കൽ സിഗ്നലിൽ നിർത്തിയ എന്റെ കാറിന്റെ വിൻഡോ ഗ്ലാസ്‌ തട്ടി വിളിച്ചു ! കയ്യിൽ കുറച്ചു ചില്ലറയെടുത്ത് വിൻഡോ തുറന്നു നീട്ടിയ എന്റെ കൈ തട്ടി മാറ്റി അദ്ദേഹം കാശ് വേണ്ടെന്നു കാട്ടി ഇങ്ങനെ പറഞ്ഞു ,

"Today I am not here to request any money. I just want to thank few people in this signal stop who usually give me some money. I will not be here from tomorrow as I am moving to a different location. I should say that you are the only one person in my life who gave me money with a nice smile on happy face. I feel some happiness while holding your money. May god bless you my son"


ഇപ്പോൾ ഇക്കാര്യം ഇവിടെ മിനക്കിട്ടു ഇരുന്നെഴുതിയതിനു പിന്നിൽ രണ്ടു പ്രധാന ഉദ്ദേശ്യങ്ങൾ ആണ് ,


1. നമ്മൾ ചിരിച്ചു കൊണ്ട് സന്തോഷത്തിൽ നൽകുന്ന പണം , അത് വാങ്ങുന്നയാൾക്ക് എത്ര സന്തോഷം നൽകുന്നു എന്ന് ഒരാളുടെ അനുഭവത്തിൽ നിന്നും സത്യസന്ധമായി ഞാൻ കേട്ട ഒരു കാര്യം പറയാൻ ,


2. പിന്നെ , ഞാൻ ഒരാൾക്ക്‌ രണ്ടു വട്ടം ചില്ലറ കൊടുത്തെന്ന അത്ഭുത പുണ്യ പ്രവൃത്തി  നിങ്ങളെയൊക്കെ ഒന്ന് അറിയിക്കാൻ !

Wednesday, September 9, 2015

അളവുകളും തൂക്കങ്ങളും



പകച്ചു പോയ ബാല്യവും
പിഴച്ചു പോയ കൌമാരവും


തിളച്ചു പൊങ്ങിയ യൌവനവും
തിരിച്ചറിവിൻ മധ്യ വയസും കടന്നു


തളർന്നിരിക്കും വാർധക്യത്തിൽ
ഒരു ആയുസിൽ നേടിയതിൻ കണക്കെടുപ്പ് ::


നടന്നു കയറിയ പടവുകൾ ,
പട വെട്ടി നേടിയ പദവികൾ ,


കാണാതെ പോയ കാഴ്ചകൾ ,
കരളിൽ നിന്നും പറിച്ചെറിഞ്ഞ കിനാവുകൾ ,


പൊട്ടിച്ചു  അരിഞ്ഞെടുത്ത ബന്ധങ്ങൾ ,
മറവിയിൽ തഴഞ്ഞിട്ട കടമകൾ ,


കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും,
ജീവിത തുലാസിൽ നേട്ടവും കോട്ടവും തൂക്കി നോക്കി.


നേട്ടം - രണ്ടു കിലോ , കോട്ടം - പത്തു കിലോ !!!


ഈയൊരു ആയുസിൻ ലാഭ നഷ്ട്ട കണക്കിൽ
എനിക്കാകെ ബാക്കിയായത് എട്ടിന്റെ മുട്ടൻ പണികൾ മാത്രം !






Monday, August 3, 2015

നിങ്ങളും ... അവരും...


ഇന്നൊരു ഭ്രാന്തൻ വഴിയിലൂടെ ഉറക്കെ പറഞ്ഞു നടന്നത്....


""നിങ്ങൾ പറക്കാൻ തുടങ്ങുമ്പോഴൊക്കെ അവർ ഓർമിപ്പിച്ചു കൊണ്ടിരിക്കും ,
ഈ ഭൂമിയിൽ നിങ്ങൾക്കവരോടുള്ള വലിയ കടപ്പാടുകളെ പറ്റി...

ആരൊക്കെയോ ദാനമായി തന്ന നിങ്ങളുടെ ജീവിതം ,
അവർ പകുത്തു നൽകിയ സൌഭാഗ്യങ്ങൾ,
നിങ്ങള്ക്കായെന്ന പേരിൽ ഉപേക്ഷിക്കേണ്ടി വന്ന സ്വപ്‌നങ്ങൾ, 
എത്ര ചെയ്താലും തീരാത്ത കടപ്പാടുകളുടെ നീണ്ട നിരകൾ...

നിങ്ങളുടെ ചിറകുകൾ സ്നേഹത്തിന്റെ അദ്രിശ്യമായ നൂലുകൾ കൊണ്ട് അവർ കെട്ടിയിടും...

മറ്റുള്ളവർ പറക്കുന്നത് നിങ്ങൾ സങ്കടത്തോടെ നോക്കുമ്പോൾ അവർ പറയും ,
ഈ ദുഖം നിങ്ങളുടെ അപകർഷതാ ബോധം ആണെന്ന്.


'ഞാൻ കുറച്ചൊന്നു പറന്നോട്ടെ' എന്ന് ചോദിച്ചാൽ അവർ ശകാരിക്കും
നിങ്ങൾ എന്ത് വലിയ സ്വാർഥൻ ആണെന്ന്...

അവരുടെ കണ്ണീരിൽ അലിഞ്ഞു നിങ്ങൾ ചിറകുകൾ ഉള്ളിൽ ഒതുക്കും,
സ്വന്തം സ്വപ്നങ്ങളേക്കാൾ വില  അവരുടെ സന്തോഷമാണെന്നു മനസ്സിനെ പഠിപ്പിക്കും...

ഒത്തുതീർപ്പുകൾ കൊണ്ട് നിങ്ങൾ പടുത്തുയർത്തിയ ജീവിതത്തിൽ ഒരിക്കൽ നിങ്ങൾ തളർന്നിരിക്കും,
അന്ന്... അവർ.... നിങ്ങൾ സന്തോഷിപ്പിക്കാൻ ശ്രമിച്ചവർ....
ജീവിതത്തിൽ പറക്കുവാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും
അതിനു ശ്രമിക്കാതെ തോറ്റു പോയ നിങ്ങളെ ഭ്രാന്തനെന്നു വിളിച്ചു പ്രാന്ത് പിടിപ്പിക്കും....""
  

Friday, May 29, 2015

...ഒരു സംസ്കൃത ചിന്താഹാ...


 

ഇനി സംസ്കൃതത്തിൽ ഒരൽപ്പം ശ്രേഷ്ട്ടമായ ഒരു ചിന്ത :::

 

"മാതോ തല്ലി ഒതുക്കതി ബാല്യേ ,

കാമുക്യോ കട്ട കലുപ്പതി കൌമാരേ ,

ഭാര്യോ മൊത്തം ഭരണതി യൌവനേ ,

പുത്രിയോ പുച്ചോ പുച്ചതി വാർധക്യെ , 

എന്നിട്ട് ചീത്ത പേരോ ?

‘പുരുഷൻ’ വലിയ സ്വതന്ത്ര അർമാധി  !!!" :0

 

ഇതീ നമ്മുടെ ലോകാഹാ അവസ്ഥാഹാ ശുയന്താ...

Wednesday, May 20, 2015

ഇന്നത്തെ ചോദ്യം... ?





 


Question: “Who decide the expiry date of a woman's dream? “


Answer: Such expiry date decisions are always taken by another women [mother / mother in law / sister / sister in law / aunty / friend/ neighbor] after deriving their master plan during several confidential discussions within the big or small women groups. Role of men [husband / brother / father] in this activity is limited to take the blame of woman’s failures and act as a villain in your version of altered story.


Reference:  1. Your life; 2. My life



Wednesday, May 13, 2015

... മനുഷ്യത്വം ...



ഭാര്യ :: ' ഇന്നു അടുക്കള പണിക്കു വരുന്ന ചേച്ചി വന്നിട്ടില്ല  അവരുടെ കൊച്ചിന് ഒട്ടും  സുഖമില്ല പോലും.'


ഭർത്താവ് :: '  നീ എന്തായാലും ഇപ്പ്രാവശ്യത്തെ ശമ്പളം കൊടുക്കുമ്പോൾ അവര് വരാത്ത ദിവസത്തെ പൈസ കുറച്ചു കൊടുത്താൽ മതി. ഒരു ഉത്തരവാദിത്തവും ഇല്ലാത്ത വർഗങ്ങള് "


ഭാര്യ :: ' ശെരി , നിങ്ങള് ഇന്ന് വൈകിട്ട് നേരത്തെ വരുമോ ? എങ്കിൽ ഇന്ന് സിനിമയ്ക്കു പോകായിരുന്നു. '


ഭർത്താവ് :: ' ഇല്ലെടി , ഈ ആഴ്ച കുറെ പണിയുണ്ട് , അത് കൊണ്ട് നേരത്തെ ഇറങ്ങാൻ പാടില്ലയെന്നു മാനേജർ പറഞ്ഞിട്ടുണ്ട് '


ഭാര്യ :: ' കണ്ണിൽ ചോരയില്ലാത്ത ദുഷ്ട്ടന്മാർ, ഇവനൊന്നും മനുഷ്യത്വം എന്നത് ഒന്നില്ലേ... '





Friday, January 2, 2015

...മലയാളി...


നാട്ടിൽ ബസ്സിൽ സ്ത്രീകളെ ശല്യം ചെയ്തവനെ കൈകാര്യം ചെയ്തിട്ട്
അടുത്ത സീറ്റിൽ ഇരിക്കുന്ന പെണ്ണിനെ ഇടം കണ്ണിട്ടു നോക്കി വെള്ളം ഇറക്കുന്നവരെയും...

അങ്ങ് ഗൾഫിലിരുന്നു പണിയെടുത്തു കൊണ്ട്
ഇങ്ങു കേരളത്തിൽ പണിയെടുക്കുന്ന ബംഗാളിയെ പുച്ചിക്കുന്നവരെയും...

അമേരിക്കൻ പൌരത്വം നേടാൻ അവിടെ പാടുപെടുംപോഴും
ഇന്ത്യൻ ദേശസ്നേഹം കൊണ്ട് വലിയ വാചകം അടിക്കുന്നവരെയും...

എല്ലാം ലോകം വിളിക്കുന്നത്‌ ഒരേ ഒരു പേരിൽ .... മലയാളി !!!!