Tuesday, January 26, 2016

:: നിഷേധികളെ , നിങ്ങൾക്കായി ::

ഇന്നത്തെ സമൂഹത്തിൽ ഓരോ നിഷേധിയും ജീവിതത്തിൽ സ്ഥിരം കേൾക്കേണ്ടി വരുന്ന 5 പ്രയോഗങ്ങളും , അവയുടെ യഥാർത്ഥ അർത്ഥങ്ങളും  :


1. 'നിനക്ക് വട്ടാണ് ' ::
     അർത്ഥം : നിങ്ങൾ ഇപ്പോൾ വേറിട്ട്‌ ചിന്തിക്കുകയാണ് .


2. ' നിനക്ക് മുഴു ഭ്രാന്താണ് ::
      അർത്ഥം : നിങ്ങൾ അതീവ വത്യസ്തമായി ചിന്തിക്കുകയും , ആ ചിന്തകൾ നിങ്ങളുടെ ജീവിതത്തിൽ/ സമൂഹത്തിൽ ഒരു ചലനം ഉണ്ടാകാൻ പോവുകയും ചെയ്യുന്നു .


3. 'നിനക്ക് അഹങ്കാരമാണ് ' ::
      അർത്ഥം : അഹങ്കരിക്കാൻ അർഹതയുള്ള എന്തോ ഒന്നിന് ഉടമയാണ് നിങ്ങൾ .


4. '  നിനക്ക് സംശയ രോഗമാണ് '
      അർത്ഥം : നിങ്ങൾ അറിയാതെ നടക്കുന്നതിനെ പറ്റി, നിങ്ങൾ എന്തോ അറിഞ്ഞു തുടങ്ങുകയും , എന്നാൽ അത് തെളിയിക്കാൻ പ്രാപ്തമായ തെളിവുകൾ നേടാതെ , നിങ്ങൾ പ്രതികളോട് അത് തുറന്നു ചോദിക്കുകയും ചെയ്തു


5. ' നിനക്ക് ഈഗൊ ആണ് '
      അർത്ഥം : നിങ്ങൾക്ക് അർഹതയുള്ള ഒന്ന് നിങ്ങള്ക്ക് നിഷേധിച്ചു എന്ന് തോന്നുകയും , അതിനെ നിങ്ങൾ ചോദ്യം ചെയ്യുകയും ചെയ്തു



എല്ലാ വലിയ വിജയങ്ങളും ഇവിടെ നേടിയിട്ടുള്ളത് ഇത്തരം പ്രയോഗങ്ങളെ ഒക്കെ അതി ജീവിച്ചിട്ടുള്ള നിഷേധികൾ മാത്രമാണെന്ന് നിങ്ങളെ ഓർമിപ്പിച്ചു കൊണ്ട് ,  ഓരോ നിഷേധിയും തളരരുത് , പതറരുത് , വീഴരുതെന്ന് എന്ന് ആഗ്രഹിച്ചു കൊണ്ട് , നിഷേധികൾ കൊണ്ട് നിറഞ്ഞ ഒരു നിഷേധാത്മക ഭാവി ഇന്ത്യ സ്വപ്നം കണ്ടുകൊണ്ടു ... ജയ് ഹിന്ദ്‌ !



Monday, January 18, 2016

... അർഹതയില്ലാത്ത കാര്യങ്ങൾ ...



നഗരത്തിലെ തിരക്കേറിയ തെരുവിലൂടെ നടന്നു പോവുകയായിരുന്ന ഒരു പുരോഹിതനും ശിഷ്യനും. ആ തെരുവിൽ  കൂടുതലും താമസിച്ചിരുന്നത് അവരുടെ മതത്തെ ശത്രു പക്ഷമായി കരുതുന്ന മറ്റൊരു  മത വിഭാഗത്തിൽ പെട്ടവരായിരുന്നു. തങ്ങളുടെ ഇടയിലൂടെ പുഞ്ചിരിച്ചു കൊണ്ട് , സമാധാനത്തോടെ നടന്നു നീങ്ങിയ , പുരോഹിതനെ കണ്ടു , അവർ അതിശയിച്ചു . ചിലർ അദ്ധേഹത്തെ വഴിയുടെ വശങ്ങളിൽ നിന്നും കൊണ്ട് അസഭ്യ വാക്കുകൾ കൊണ്ട് മൂടി . അപ്പോഴും , അവരെയൊക്കെ നോക്കി പുഞ്ചിരിച്ചു നടന്നു വീട്ടിൽ തിരികെയെത്തി സമാധാനപൂർവ്വം  പ്രാർത്ഥനക്ക് ഒരുങ്ങിയ പുരോഹിതനോട് ശിഷ്യൻ അതിശയത്തോടെ, അവർ ഇത്രയൊക്കെ പറഞ്ഞിട്ടും എന്ത് കൊണ്ടാണ് അദ്ദേഹത്തിന് ഒട്ടും സങ്കടമോ ദേഷ്യമോ  തോന്നാത്തത് എന്ന്  ചോദിച്ചു. അപ്പോൾ പുരോഹിതൻ ചിരിച്ചു കൊണ്ട് ഇപ്പ്രകാരം മറുപടി നൽകി,


" നമ്മൾ അർഹരല്ല എന്ന് തോന്നുന്നവ നാം സ്വീകരിക്കാതിരിക്കുക "


പണമായാലും പദവിയായാലും മാത്രമല്ല ; പരാജയമായാലും തോൽവിയായാലും കുറ്റപ്പെടുത്തലുകൾ ആയാലും , നമ്മൾ അതിനൊക്കെ അർഹരല്ല എന്ന് നമുക്ക് തോന്നിയാൽ അത് നമ്മൾ ഒരിക്കലും സ്വീകരിക്കരുതെന്ന ഗുണപാഠം വായനക്കാരെ  ഓർമിപ്പിച്ചു കൊണ്ട് നിർത്തുന്നു .



Wednesday, January 6, 2016

...ഒരു നർമം ...



" സോറി സാർ ... ഇപ്പോൾ ഇവിടെയില്ലാത്ത ഒരാളെ പറ്റി , അയാളുടെ അഭാവത്തിൽ, ഞാൻ എന്തെങ്കിലും പറയുന്നത് , എന്റെ ജീവിത ആദർശങ്ങൾക്കു ശരിയല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നത് കൊണ്ട് , ഇതാ , ഞാൻ ഈ ക്ലാസ്സ്‌ ബഹിഷ്ക്കരിക്കുകയാണ് ... എന്നോട് ക്ഷമിക്കണം സർ "


ഇത്രയും ഡയലോഗ് സിനിമ സ്റ്റൈലിൽ പറഞ്ഞു, 10 B ക്ലാസ്സിൽ നിന്നും ഇറങ്ങി പോയ , വിദ്യാർഥി നേതാവ് കുട്ടി സഖാവ് സുദേവൻ .C-യെ നോക്കി, ആ ക്ലാസ്സു കുട്ടികൾ മുഴുവൻ കോൾമയിർ കൊണ്ടു .


ഗാന്ധിജിയുടെ അഭാവത്തിൽ ,' ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ ' എന്ന വിഷയത്തിൽ , ഇനി താനെങ്ങനെ ക്ലാസ്സിലെ മറ്റു കുട്ടികളോട് ആ ചോദ്യം ചോദിക്കും എന്നറിയാതെ, ഹിസ്റ്ററി സാറായ പ്രേമൻ സാർ ഒരു നിമിഷം കണ്ണും തള്ളി പകച്ചു നിന്നു .