Friday, October 2, 2015

...വഴിവക്കിലെ ആ ഒരാൾ...


ദിവസവും രാവിലെ ഞാൻ ഓഫീസിലേക്ക് പോകുന്ന വഴിയിൽ , ലോസ് ആഞ്ചലസിലെ തിരക്കുള്ള ഒരു ട്രാഫിക്ക് സിഗ്നലിൽ , പതിവായി കാണാറുള്ള ഒരു ഹോം ലെസ്സ് മനുഷ്യനെ കുറിച്ചാണ് ഈ കുറിപ്പ്.....


ഞാൻ വഴിവക്കിൽ ദിവസേന കാണാറുള്ള ഒരുപാട് ഹോം ലെസ്സ് മനുഷ്യരിൽ നിന്നും , ഇദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിച്ചത് , എപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് കാണാറുള്ള നല്ലൊരു ചിരി കാരണം ആണ്. നമ്മളൊക്കെ വളരെ തിരക്ക് പിടിച്ചു രാവിലെ ദിവസം തുടങ്ങി , അന്ന് ഓഫീസിലും വീട്ടിലും ഒക്കെ ചെയ്തു തീർക്കേണ്ട, വലിയ കാര്യങ്ങളെ കുറിച്ചൊക്കെ ഓർത...്തു ടെൻഷൻ ഒക്കെ അടിച്ചു , ആരെയൊക്കെയോ പ്രാകി പതിവായി ടാഫിക് സിഗ്നലിൽ ദേഷ്യത്തിൽ കാറിൽ ഇരിക്കുമ്പോൾ , ആ വഴിവക്കിലെ വെയിലിൽ ഇതൊന്നുമില്ലാതെ , കാറുകളിൽ എ.സി ഇട്ടിരുക്കുന്നവരെ നോക്കി , 'Have A Nice Day' എന്നൊരു ബോർഡും തൂക്കി നല്ലോണം ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു വയസായ മനുഷ്യൻ !


ഏതാണ്ട് ഒരു മാസത്തിനിടയിൽ , രണ്ടോ മൂന്നോ വട്ടം, ഞാൻ കയ്യിലുള്ള കുറച്ചു ചില്ലറകൾ അയാൾക്ക്‌ കൊടുത്തിരുന്നു. അപ്പോഴൊക്കെ ചിരിച്ചു കൊണ്ട് വാങ്ങി , കൈ വീശി കാണിച്ചു അദ്ദേഹം നന്ദി പറഞ്ഞു. കൂടുതൽ പ്രാവശ്യം ഞാൻ ഒന്നും കൊടുക്കുന്നില്ലെങ്കിലും ,എന്റെ വണ്ടി ആ സിഗ്നലിൽ നിർത്തുമ്പോൾ അദ്ദേഹം കൈ വീശി പരിചയം കാട്ടുമായിരുന്നു, അപ്പോൾ ഞാനും തിരിച്ചും കൈ വീശി ചിരിക്കും.


സാധാരണ കാശ് കൊടുക്കാൻ താൽപര്യം ഉള്ളവർ, കാർ വിൻഡോ താഴ്ത്തി , കൈകാട്ടി വിളിച്ചാൽ വിളിച്ചാൽ മാത്രം അടുത്ത് വരാറുള്ള ആ മനുഷ്യൻ , ഒരിക്കൽ സിഗ്നലിൽ നിർത്തിയ എന്റെ കാറിന്റെ വിൻഡോ ഗ്ലാസ്‌ തട്ടി വിളിച്ചു ! കയ്യിൽ കുറച്ചു ചില്ലറയെടുത്ത് വിൻഡോ തുറന്നു നീട്ടിയ എന്റെ കൈ തട്ടി മാറ്റി അദ്ദേഹം കാശ് വേണ്ടെന്നു കാട്ടി ഇങ്ങനെ പറഞ്ഞു ,

"Today I am not here to request any money. I just want to thank few people in this signal stop who usually give me some money. I will not be here from tomorrow as I am moving to a different location. I should say that you are the only one person in my life who gave me money with a nice smile on happy face. I feel some happiness while holding your money. May god bless you my son"


ഇപ്പോൾ ഇക്കാര്യം ഇവിടെ മിനക്കിട്ടു ഇരുന്നെഴുതിയതിനു പിന്നിൽ രണ്ടു പ്രധാന ഉദ്ദേശ്യങ്ങൾ ആണ് ,


1. നമ്മൾ ചിരിച്ചു കൊണ്ട് സന്തോഷത്തിൽ നൽകുന്ന പണം , അത് വാങ്ങുന്നയാൾക്ക് എത്ര സന്തോഷം നൽകുന്നു എന്ന് ഒരാളുടെ അനുഭവത്തിൽ നിന്നും സത്യസന്ധമായി ഞാൻ കേട്ട ഒരു കാര്യം പറയാൻ ,


2. പിന്നെ , ഞാൻ ഒരാൾക്ക്‌ രണ്ടു വട്ടം ചില്ലറ കൊടുത്തെന്ന അത്ഭുത പുണ്യ പ്രവൃത്തി  നിങ്ങളെയൊക്കെ ഒന്ന് അറിയിക്കാൻ !