Wednesday, February 13, 2019

... മുഖങ്ങൾ ... ( ചെറു കഥ )



" ട്രിങ് .. ട്രിങ് .." പതിവില്ലാത്ത നേരത്തെ ഡോർ ബെൽ ശബ്ദം കേട്ട് , പ്രിയ അടുക്കളയിൽ നിന്നും വാതിലേക്കു നീങ്ങി .


"ഇതിപ്പോൾ ആരാണാവോ ഈ സമയം   ? " പ്രിയ പയ്യെ പിറുപിറുത്തു .
ഡോർ ലെൻസിലൂടെ പുറത്തെ ആളെ കണ്ട പ്രിയ ആശ്ചര്യത്തിലും , സന്തോഷത്തിലും വാതിൽ അതി വേഗം തുറന്നു , അവനെ വേഗം കെട്ടിപ്പിടിച്ചു കൊണ്ട് , ഒരൊറ്റ ശ്വാസത്തിൽ എല്ലാ ചോദ്യങ്ങളും കൂടി ഒന്നിച്ചു ചോദിച്ചു ........


" നീരജ് .... നീ എവിടെയായിരിക്കുന്നു ഇത്രയും നാൾ ..... എത്ര കാലം ആയി നമ്മൾ കണ്ടിട്ട് ..... !! ഇത് വരെ ഒരിക്കൽ പോലും നീ വിളിച്ചത് പോലും ഇല്ലല്ലോ ,,,,, !! ഇതെങ്ങനെ ഈ അഡ്രസ് കണ്ടുപിടിച്ചു .... നിനക്ക് സുഖമാണോ എടാ ........"


കോളേജ് കാലത്തെ ,MBA ബാച്ചിലെ അടുത്ത സുഹൃത്താക്കളായ നീരജ് , കിരൺ , പ്രിയ ഗ്യാങ് . ജീവിതത്തെ വളരെ പ്രാക്ടിക്കലായി , വിജയത്തിന്റെ പ്ലാനിങ്ങുമായി  , മനസ്സിൽ ബിസിനസ്  അല്ലാതെ മറ്റൊന്നുമില്ലാത്ത നീരജ് . നീരജിന്റെ സ്വപ്നങ്ങൾക്ക് ഫുൾ സപ്പോർട്ടുമായി , എന്തിനും അവന്റെ കൂടെ പ്രിയ . അതിൽ പ്രിയയെ സ്പെഷ്യൽ കെയർ ചെയ്തു എപ്പോഴും പ്രിയയുടെ  കൂടെ കിരൺ.


കിരണിന്റെ പ്രണയം പ്രിയയോട് പറയിപ്പിച്ചതും , അവരെ ഒന്നിപ്പിച്ചതും നീരജിന്റെ നേതൃത്വം. കൂട്ടത്തിൽ എപ്പോഴും നീരജിന്റെ വാക്കുകൾക്കു മീതെ മറ്റൊരു എതിരഭിപ്രായങ്ങൾ ഉണ്ടാകാറില്ല. അഥവാ ഉണ്ടായാലും , അതിനെ മറികടക്കാനുള്ള ചാണക്യ ബുദ്ധി നീരജിനുണ്ട്.


" നീരജ് .. നീ ഇരിക്ക് .. ഞാൻ കിരണിനെ വിളിച്ചു ഉടനെ വരാൻ  പറയാം ... "


"വേണ്ട പ്രിയാ. എനിക്ക് സമയമില്ല. താഴെ ടാക്സി കാത്തു നിൽപ്പുണ്ട് . ഇത് വഴി യാത്രയ്ക്കിടയിൽ നിങ്ങളുടെ നഗരത്തിൽ അഞ്ചു മണിക്കൂർ ഫ്ലൈറ്റ്സ് ട്രാൻസിറ്റ് വന്നു. അപ്പോൾ വേഗം ഒന്ന് നിങ്ങളെ കണ്ടിട്ട് പോകാം എന്ന് വെച്ചു. കിരണിനെ ഞാൻ ഓഫീസിൽ ചെന്ന് കണ്ടു കൊള്ളാം  " നീരജ് തന്റെ ഊന്നു വടി കുത്തി തിരിച്ചു നടന്നു .


"നീരജ് ... നിനക്ക് .. നിന്റെ കാലിനു ...".. പ്രിയ ചോദ്യം മുഴുവിപ്പിച്ചില്ല .


" ആറു മാസം മുൻപ് ഒരു കാർ ആക്സിഡന്റ്. കാലിനും കൈക്കും പരിക്കുണ്ടായിരുന്നു, സർജറികൾ കഴിഞ്ഞു ഇപ്പോൾ ശെരിയായി വരുന്നു.  മൂന്നു മാസം കോമയിലായിരുന്നു.". പിന്നെ നീരജ് പ്രിയയെ നോക്കി പറഞ്ഞു ....


" അപകടത്തിൽ പെട്ട ആ നിമിഷം , പെട്ടെന്ന് എന്റെ കണ്ണിലാകെ  ഇരുട്ട് മൂടി ... പയ്യെ പയ്യെ മരണത്തിലേക്ക് വീഴുന്നത് പോലെ . അപ്പോൾ എന്റെ മനസ്സിൽ മൂന്നു മുഖങ്ങൾ തെളിഞ്ഞു . ഒന്ന് എന്റെ അമ്മയുടേത് , രണ്ടു എന്റെ മകളുടേത് .... മൂന്നാമത്തേത് , അത് നിന്റെയായിരുന്നു പ്രിയ ...... എനിക്കിപ്പോഴും അറിയില്ല ... അത് അവരെ എനിക്കറിയില്ലായിരുന്നു ...... അപ്പോൾ മുതൽ നിന്നെ ഒന്നുകൂടെ  ജീവിതത്തിൽ കാണാൻ ഒരാഗ്രഹം ... ഇനി ഞാൻ പോകട്ടെ ....."


നീരജ് തിരിഞ്ഞു നോക്കാതെ കണ്ണുകൾ തുടച്ചു കൊണ്ട് നടന്നു പോയി. ഫ്‌ളാറ്റിലെ വാതിൽ അടച്ചു പ്രിയയും പയ്യെ തിരികെ അടുക്കളയിലേക്ക്.



3 comments:

Cv Thankappan said...

മനസ്സിലെ മായാത്തമുഖങ്ങൾ.....
ആശംസകൾ

ഗൗരിനാഥന്‍ said...

ആ വരവും, കിരണിന്റെ കാണണ്ട എന്ന പറച്ചിലും കേട്ടപ്പോഴേ തോന്നി.. ക്ലൈമാക്സ് ഇതാണ് ന്ന്.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയരിൽ ഒരാളായ പ്രിയയെ കണ്ടുള്ള മടക്കം ...