Tuesday, June 14, 2016

:: പൊട്ടി പെണ്ണ് ::


: കൊല്ലവർഷം 1180, ധനു മാസം :


എന്ത് ചെയ്യണമെന്നറിയാതെ അമ്പല കുളത്തിന്റെ പടവിൽ സങ്കടപ്പെട്ടിരുന്ന മനുവിന്റെ തോളിൽ കൈ വെച്ച് അമ്മു ആശ്വസിപ്പിച്ചു ,


" എല്ലാം ശരിയാകും മനുവേട്ടാ , ഇപ്പോൾ അച്ഛനെ അൽപ്പം മുഷിപ്പിച്ചു ആണേലും മനുവേട്ടൻ എന്തായാലും ഈ കോഴ്സിനു  തന്നെ പോകണം. മനുവേട്ടൻ ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചതാണ്‌ ഇത്. മനുവേട്ടന് ജീവിതത്തിൽ ആഗ്രഹിച്ച പോലെയൊക്കെ ആകാൻ പറ്റിയാൽ മാറുന്ന പിണക്കമേ അച്ഛന് ഉണ്ടാവുകയുള്ളൂ. "

" അതെ , പക്ഷെ ഞാൻ തോറ്റുപോയാൽ ? ", മനു വീണ്ടും അമ്മുവിനെ നോക്കി.


" നോക്ക് മനുവേട്ടാ... ഇപ്പോൾ അച്ഛന്റെ ആഗ്രഹപ്രകാരം മനുവേട്ടൻ മറ്റൊരു മേഖലയിൽ പോയാലും തോറ്റു പോകാനുള്ള സാധ്യത കൂടുതലാണ് , പ്രത്യേകിച്ച് മനുവേട്ടന് ഇഷ്ട്ടമില്ലാതൊരു മേഖല.. ഇതാകുമ്പോൾ മനുവേട്ടന്റെ വലിയ സ്വപ്നമാണ് , ഇത്രയും മനസ്സുണ്ടെങ്കിൽ ജയിക്കുമെന്ന് എനിക്ക് ഉറപ്പാണ്... ഇനി അഥവാ , തോറ്റു പോയാൽ  തന്നെ , ഇഷ്ട്ടമില്ലാത്ത മേഖലയിൽ മനസ്സില്ലാതെ പോയി തോൽക്കുന്നതിനേക്കാൾ എത്രയോ ഭേദമല്ലേ .... "

പെട്ടെന്ന് ബോധോദയം ഉണ്ടായ പോലെ മനു എഴുന്നേറ്റു , സന്തോഷവാനായി, അമ്മു കുട്ടിയെ കെട്ടിപിടിച്ചു പറഞ്ഞു ,


" നീയാണ് എന്റെ ശക്തി .. ഞാൻ ജീവിതത്തിൽ ജയിച്ചു വരുമ്പോൾ നീ എന്റെ കൂടെയുണ്ടാകണം ...  "


അമ്മുക്കുട്ടി പതിവ് പോലെ ചിരിച്ചു , മനുവേട്ടനെ തള്ളി മാറ്റി പറഞ്ഞു ,


" ആദ്യം പോയി പഠിച്ചു രക്ഷപ്പെടാൻ നോക്ക് ... ഇല്ലേൽ തിരിച്ചു ഈ നാട്ടിലേക്ക് കയറാൻ പറ്റില്ല , പിന്നെ നമുക്ക് പെണ്ണ് കാണലും , കല്യാണവും , പാലുകാച്ചും ഒക്കെ നടത്താം "


: കൊല്ലവർഷം 1191, മകര മാസം :

അമ്പലത്തിൽ നിന്നും പ്രാർത്ഥിച്ചു പുറത്തിറങ്ങിയ , പുതിയ ജില്ലാ കലക്റ്റർ മനോജ്‌ മാധവനെ കാണാൻ , നാട്ടിലെ ചുറ്റുവട്ടത്തെ പ്രമാണിമാർ എല്ലാം ഒത്തു കൂടി. എല്ലാരോടും ചിരിച്ചു കുശലം പറഞ്ഞു അച്ഛനോടൊപ്പം കാറിലേക്ക് നീങ്ങിയ കലക്റ്ററെ നോക്കി, ദൂരെ നിന്നും  കൊച്ചു സുന്ദരി പെൺകുട്ടി ഓടിവന്നു കൈ വീശി. നല്ല ഓമനത്തമുള്ള മുഖം കണ്ടു ഒരു നിമിഷം സംശയിച്ചു നിന്ന കലക്റ്ററോട്  അച്ഛൻ പറഞ്ഞു , "നിനക്കോർമയില്ലേ നമ്മുടെ പഴയ അയലത്തെ വീട്ടിലെ അമ്മിണിയെ , ഇതവളുടെ മോളാണ്.. അവളുടെ അമ്മയിപ്പോൾ പുറകെ ഓടി വരുന്നുണ്ടാകും ". ' ഓ , അതെയോ " എന്നും പറഞ്ഞു വേഗത്തിൽ കാറിലേക്ക് കയറി ഇരുന്ന കലക്റ്ററോട് അടുത്തിരുന്ന ഭാര്യ അഞ്ജലി ചോദിച്ചു " നല്ല സുന്ദരി മോള് , ആരാണ് ഈ അമ്മിണി ?". അഞ്ജലിയുടെ കയ്യിൽ പയ്യെ തലോടി ജില്ലാ കലക്റ്റർ മറുപടി പറഞ്ഞു , " അതൊരു പാവം പൊട്ടി പെണ്ണാണ് , ഒരു തനി നാട്ടുമ്പുറത്തുകാരി"


< End >