ഇന്നൊരു ഭ്രാന്തൻ വഴിയിലൂടെ ഉറക്കെ പറഞ്ഞു നടന്നത്....
""നിങ്ങൾ പറക്കാൻ തുടങ്ങുമ്പോഴൊക്കെ അവർ ഓർമിപ്പിച്ചു കൊണ്ടിരിക്കും ,
ഈ ഭൂമിയിൽ നിങ്ങൾക്കവരോടുള്ള വലിയ കടപ്പാടുകളെ പറ്റി...
ആരൊക്കെയോ ദാനമായി തന്ന നിങ്ങളുടെ ജീവിതം ,
അവർ പകുത്തു നൽകിയ സൌഭാഗ്യങ്ങൾ,
നിങ്ങള്ക്കായെന്ന പേരിൽ ഉപേക്ഷിക്കേണ്ടി വന്ന സ്വപ്നങ്ങൾ,
എത്ര ചെയ്താലും തീരാത്ത കടപ്പാടുകളുടെ നീണ്ട നിരകൾ...
നിങ്ങളുടെ ചിറകുകൾ സ്നേഹത്തിന്റെ അദ്രിശ്യമായ നൂലുകൾ കൊണ്ട് അവർ കെട്ടിയിടും...
മറ്റുള്ളവർ പറക്കുന്നത് നിങ്ങൾ സങ്കടത്തോടെ നോക്കുമ്പോൾ അവർ പറയും ,
ഈ ദുഖം നിങ്ങളുടെ അപകർഷതാ ബോധം ആണെന്ന്.
'ഞാൻ കുറച്ചൊന്നു പറന്നോട്ടെ' എന്ന് ചോദിച്ചാൽ അവർ ശകാരിക്കും
നിങ്ങൾ എന്ത് വലിയ സ്വാർഥൻ ആണെന്ന്...
അവരുടെ കണ്ണീരിൽ അലിഞ്ഞു നിങ്ങൾ ചിറകുകൾ ഉള്ളിൽ ഒതുക്കും,
സ്വന്തം സ്വപ്നങ്ങളേക്കാൾ വില അവരുടെ സന്തോഷമാണെന്നു മനസ്സിനെ പഠിപ്പിക്കും...
ഒത്തുതീർപ്പുകൾ കൊണ്ട് നിങ്ങൾ പടുത്തുയർത്തിയ ജീവിതത്തിൽ ഒരിക്കൽ നിങ്ങൾ തളർന്നിരിക്കും,
അന്ന്... അവർ.... നിങ്ങൾ സന്തോഷിപ്പിക്കാൻ ശ്രമിച്ചവർ....
ജീവിതത്തിൽ പറക്കുവാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും
അതിനു ശ്രമിക്കാതെ തോറ്റു പോയ നിങ്ങളെ ഭ്രാന്തനെന്നു വിളിച്ചു പ്രാന്ത് പിടിപ്പിക്കും....""