Friday, January 17, 2014

വളർന്നു വലുതാവുന്നവർ



നിലത്തു വീണുടഞ്ഞ ആ ചില്ല് കഷണങ്ങൾ നോക്കി
അവൾ നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.
ഒരു പാട് കൊതിയോടെ, അവൾ സൂക്ഷിച്ചു വെച്ചിരുന്ന
പല വർണങ്ങൾ നിറഞ്ഞ, ആ സ്ഫടിക പാവ
തറയിൽ അങ്ങനെ ചിതറി കിടന്നു.

ഇന്ന് , അവൾ വളർന്നു ഒരുപാട് വലുതായിരിക്കുന്നു,

ചുണ്ടിൽ നിന്നും മായാത്ത ഒരു ചെറു പുഞ്ചിരിയോടെ
അവൾ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി.
ഒരു പാട് കഷ്ട്ടപ്പെട്ടു, അവൾ നേടി എടുത്ത
നിറങ്ങൾ ഇല്ലാത്ത , ആ വിവാഹ മോചന പത്രം
തറയിൽ അങ്ങനെ ചിതറി കിടന്നു.

ഇന്ന് , അവൾ വളർന്നു ഒരുപാട് വലുതായിരിക്കുന്നു !!!

Wednesday, January 15, 2014

ഈ നിമിഷവും, നീയും



കളഞ്ഞു പോയെന്നു നിനച്ചിരുന്ന വിലപ്പെട്ട എന്തോ ഒന്ന്
പഴയ പെട്ടിക്കുള്ളിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ പോലെ...

ഇനി ഒരിക്കലും കാണില്ലെന്ന് വിചാരിച്ചിരുന്ന പ്രിയപ്പെട്ട ഒരാൾ
വഴി വക്കിൽ, ആൾ കൂട്ടത്തിനിടയിൽ വെച്ച് കണ്ടു മുട്ടിയ പോലെ...

മറന്നു തുടങ്ങിയ, ആ പ്രിയപ്പെട്ട പാട്ടിന്റെ വരികൾ
യാത്രക്കിടയിൽ അടുത്തിരുന്ന ഒരാൾ മൂളിയ പോലെ...

ഈ നിമിഷവും , നീയും എന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നു !

Monday, January 13, 2014

രസമുള്ള ചില നോവുകൾ...


അവൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രത്യേക രസം !


അവളുടെ കുസുത്രി നിറഞ്ഞ ചോദ്യങ്ങൾ ആണോ
തർക്കുത്തരങ്ങൾ മാത്രം നിറയുന്ന മറുപടിയോ
മിക്കപ്പോഴും വിടരുന്ന ചെറു ചിരിയോ
ഇടയ്ക്ക് മാത്രം മനസ്സ് തുറക്കുന്ന പരിഭവങ്ങളോ
കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന വികൃതിയോ
ചിലപ്പോഴൊക്കെ കാണുന്ന നീണ്ട മൌനമോ
ഇതിലെന്ത് കൊണ്ടാണ് എന്നെനിക്കറിയില്ല....

അവൾ മിണ്ടാതിരിക്കുമ്പോൾ മനസ്സിൽ ഒരു വല്ലാത്ത നോവ് !

Friday, January 10, 2014

പ്രണയ സമ്മാനങ്ങൾ...


തന്റെ സ്വപ്‌നങ്ങൾ കൊണ്ട് അവൻ കോർത്തിട്ട
ആ മുത്ത്‌ മാലകൾ അവള്ക്കിന്നു വേണ്ട !

തനിക്കു സ്വർണ മാലകൾ സമ്മാനിക്കാൻ കഴിയാത്ത അവനെ
ജീവിക്കാൻ അറിയാത്തവൻ എന്ന് അവൾ മനസ്സിൽ പരിഹസിക്കുമ്പോഴും,
അതൊന്നും തിരിച്ചറിയാതെ അവൻ അപ്പോഴും അവൾക്കു വേണ്ടി
മഞ്ചാടി മണികളും മയിൽ പീലികളും പെറുക്കി കണ്ടിരുന്നു.

അവൾക്കേറെ പ്രിയപ്പെട്ട സമ്മാനങ്ങൾ എന്ന് തെറ്റി ധരിച്ചു കൊണ്ട് !