ജയിച്ചു ഒന്നാമൻ ആയി നിൽക്കുമ്പോഴും
അവൻ അസ്വസ്ഥനായിരുന്നു.
തന്റെ അരികിൽ നിന്നിരുന്ന,
ഒന്നാമതെത്താൻ അർഹത ഉണ്ടായിരുന്ന,
ജയിച്ചെങ്കിലും രണ്ടാമതും മൂന്നാമതും ആയിപ്പോയ,
മുഖത്തെ വിഷമം കലർന്ന പുഞ്ചിരി
ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും കഴിയാത്ത ഒരു കൂട്ടർ!
പുറകിലെ വരികളിൽ നിന്നിരുന്ന,
ആദ്യത്തെ മൂന്നു സ്ഥാനങ്ങൾ ലക്ഷ്യം വെച്ച്,
അതിനായി ഒരുപാട് കഷ്ട്ടപെട്ടു,
വിഷാദം തളർന്ന മിഴികളും ആയി,
ജയിച്ചെങ്കിലും സന്തോഷിക്കാൻ കഴിയാത്ത ഒരു കൂട്ടർ!
പരാജയം അറിഞ്ഞിട്ടും തളരാതെ,
കാലങ്ങൾ ഇനിയും വരുന്നുണ്ട് ഒരുപാടു എന്നപോൽ,
കരയാതെ, ചിരിക്കാതെ, ഉലയാതെ,
ജയിച്ചവരെ നോക്കി ചെറു അസൂയയോടെ,
നിർ വികാര ഭാവവുമായി വേറെ ചിലർ!
'തോറ്റത് ഞാൻ അല്ല' നിങ്ങളാണ് എന്നപോൽ,
കളിച്ചും ചിരിച്ചും ഉല്ലസിച്ചും,
കപടതകൾ ഇല്ലാതെ, ഭാരങ്ങൾ ഇല്ലാതെ,
ജീവിതം മധുരം എന്ന് സ്വയം തെളിയിച്ചു,
തോറ്റു തോറ്റു വളർന്നവർ മറു ചിലർ !
വൻ വിജയങ്ങൾ നൽകിയ വീർപ്പുമുട്ടലുകൾക്ക് ഇടയിൽ,
ഒന്നാമൻ എന്ന് എല്ലാവരും വാഴ്ത്തി പാടുമ്പോഴും,
തോറ്റു പോയെങ്കിലും ചിരിച്ചു നിൽക്കുന്നവരെ,
കൊതിയോടെ അവൻ നോക്കി നിന്നു !
2 comments:
തോല്‍വിയിലും ചിരിക്കുന്നവരാണ് ജയിക്കുന്നവര്‍
നന്ദി അജിത്ത് ഏട്ടാ.. ഇവിടെ വന്നതിനു, ഒരു വാക്ക് ഇവിടെ കുറിച്ച് ഇട്ടതിനു...
Post a Comment