"അരികിൽ ... നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ...
.....ഒരുമാത്ര വെറുതെ നിനച്ചു പോയി ..... "
കാർ സ്ടീരിയോയിലൂടെ ഒഴുകിയെത്തിയ ആ നല്ല പാട്ടിന്റെ സുഖത്തെ ശല്യപ്പെടുത്തി കൊണ്ട് , ഗിയർ ബൊക്സിനു അടുത്തുള്ള ഹോൾഡറിൽ വെച്ച മൊബൈൽ ഫോണ്‍ നിർത്താതെ ശബ്ദിച്ചു ....
" നീ ആരാന്നു ഒന്ന് നോക്കിയേടി " , പാട്ടിൽ ലയിച്ചു ഏതോ സ്വപ്ന ലോകത്ത് ആയിരുന്ന ഭാര്യ മാലിനിയെ തട്ടിയുണർത്തി കൊണ്ട് സുകുമാർ പറഞ്ഞു.
"ആരെങ്കിലും ആയ്ക്കോട്ടെ , ഇപ്പോൾ ചേട്ടൻ ഡ്രൈവ് ചെയ്യുകയല്ലേ ... പിന്നെ എടുത്താൽ പോരെ ... " , തന്റെ മടിയാണ് മുഖ്യ കാരണം എങ്കിലും , റോഡിനെയും റോഡ് നിയമങ്ങളെയും ബഹുമാനിച്ചു കൊണ്ട് , ഭാര്യ നടത്തിയ ആ നല്ല അഭിപ്രായം , സുകുമാർ പതിവ് പോലെ , ഭർത്താവിന്റെ 'വീറ്റോ ' പവർ ഉപയോഗിച്ച് മറികടന്നു , അടുത്ത നിർദ്ദേശം നൽകി ,
" ഒന്ന് അനങ്ങി നോക്കെടി പോത്തേ .... ആരേലും അത്യാവാശ്യക്കാരാകും"
മാലിനിയുടെ ഒരു സ്വഭാവ രീതി വെച്ച്, " പോത്ത് , നിങ്ങടെ മുതുക്കി തള്ള " എന്ന സത്യം മുഖം നോക്കി തുറന്നടിച്ചു പറയുന്നതാണ് ശീലമെങ്കിലും , ഭാരത സ്ത്രീകൾ തൻ ഭാവ ശുദ്ധിയും , ആർഷ ഭാരത സംസ്കാരവും ഉള്ളിലേന്തിയ മാതൃകാ ദമ്പതിയായ മാലിനി , മറുപടി ഉള്ളിൽ കടിച്ചമർത്തി, ഒരു ചെറു പുഞ്ചിരിയോടെ , ആ ഡയലോഗ് സ്വയം മനസ്സിൽ മാത്രം പറഞ്ഞു ഫോണ്‍ എടുത്തു നോക്കി !
" ചേട്ടാ , ഇത് ആ ജോസാണ്... പിന്നെയെങ്ങാനും തിരിച്ചു വിളിച്ചാൽ പോരെ "
സുകുമാർ ആ അഭിപ്രായം പതിവ് ശീലം പോലെ വീണ്ടും അവഗണിച്ചു , ഫോണ്‍ സ്പീക്കറിൽ ഇടാൻ നിർദേശിച്ചു,
" എന്താണ് ജോസേ ... എന്തെങ്കിലും അത്യാവശ്യം ? "
" സുകുവേട്ടാ , നാൻസിക്ക് ഈ വീക്കെന്റ് കൊച്ചിയിലെ അവൾടെ വീട്ടിലേക്കു പോണം എന്നുണ്ട് ... അവളെ ഒറ്റയ്ക്ക് വിടാൻ എനിക്കൊരു മടി ... നിങ്ങൾ ഈ ആഴ്ചയല്ലേ അങ്ങോട്ട് ബിസിനസ് ട്രിപ്പ് ഉണ്ടെന്നു പറഞ്ഞത് ... അതെ ട്രെയിനിൽ അവളെയും ഞാൻ വിട്ടാൽ ബുദ്ധിമുട്ടാകുവോ... ?"
" എനിക്കെന്തു ബുദ്ധിമുട്ട് ജോസേ ... നീ ട്രെയിൻ ബുക്ക് ചെയ്തു എന്നോട് പറഞ്ഞാൽ മതി ... യാത്രേൽ എന്തേലും ആവശ്യമുണ്ടേൽ ഞാൻ ഹെൽപ് ചെയ്തോളാം ... ശരിയപ്പോൾ , ഞാൻ ഡ്രൈവിങ്ങിലാണ്... നീ ഡിടൈൽസ് മെയിൽ അയച്ചാൽ മതി ... ""
മാലിനി തിരിച്ചു ഫോണ്‍ ഹോൾഡറിൽ വെക്കാൻ നേരം , അപ്പുറത്ത് ജോസിന്റെ സൈഡിൽ നിന്നും , ഫോണ്‍ കട്ടാകാതെ , അവിടത്തെ ഓഫീസിലെ തുടർ സംസാരം സ്പീക്കറിൽ കേൾക്കാമായിരുന്നു ...
" അങ്ങനെ ആ മിനക്കെട് ഒഴിഞ്ഞു ... ഞാനും പോകാനിരുന്നതാണ് , അപ്പോൾ നാൻസിയാണ് ബുദ്ധി പറഞ്ഞത് ... സുകുമാർ ആകുമ്പോൾ ആള് ഒരു പൊട്ടനാണ് , ചേട്ടാ എന്ന് വിളിച്ചാൽ എന്ത് സഹായവും ചെയ്യും "
അപ്രതീക്ഷിതമായി ഒളിഞ്ഞു കേട്ട ആ സംസാരം മാലിനിയുടെയും സുകുമാരിന്റെയും മുഖം വല്ലാതെ ആക്കിയെങ്കിലും , സുകുമാർ ഒരു വിളറിയ ചിരിയോടെ മാലിനിയോടു പറഞ്ഞു ,
" ഇതാണ് ഈ ഇലക്ട്രോണിക് സാധനങ്ങളുടെയൊക്കെ കുഴപ്പം , എന്ത് ആളുകളെ കേൾപ്പിക്കണം കേൾപ്പിക്കരുത് എന്നൊന്നും ഒരു വകതിരിവും ഇല്ല ... അവന്റെ മനസ്സിലല്ലേ ഞാൻ വെറുമൊരു പൊട്ടൻ , പക്ഷെ ,എനിക്കവനും നാൻസിയും ഒരിക്കലും അങ്ങനെയല്ലല്ലോ ... " !
"ചുമ്മാതെ അല്ല ആളുകള് ഇങ്ങേരെ പൊട്ടനെന്നു വിളിക്കുന്നത് , മരപൊട്ടൻ", എന്ന് സ്വയം മനസ്സിൽ പറഞ്ഞു , മാലിനി ദേഷ്യത്തോടെയും സങ്കടത്തോടെയും , കാർ വിൻഡോയിലൂടെ പുറത്തേക്കു നോക്കി , സ്വന്തം ഭർത്താവിനെ കുറിച്ചോർത്തു സഹതപിച്ചു.
ഈ സമയം , സുകുമാറിന്റെ ഇമെയിൽ ഇൻ ബോക്സിൽ ഒരു പുതിയ മെയിൽ വന്ന ഫോണ്‍ നോട്ടിഫിക്കേഷൻ ശബ്ദം , ആരും കേൾക്കാത്ത പതിഞ്ഞ ശബ്ധത്തിൽ ചെറുതായി മുഴങ്ങി ...ആ മെയിലിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു ....
" ഹേ ഡിയർ , അവർ പ്ലാൻ സക്സസ് ... വെയിറ്റിങ്ങ് ഫോർ ഫ്രൈഡേ ... ഒണ്‍ലി യുവേർസ്, നാൻസി "
< ദി എൻഡ് >