Saturday, August 9, 2008

പ്രണയങ്ങള്‍ യാചിക്കുന്നതു.


മരിച്ചു എന്ന് വിധി എഴുതി, പലപ്പോഴും നമ്മള്‍ പ്രണയത്തെ ജീവനോടെ കല്ലറകളില്‍ അടക്കം ചെയ്യുന്നു.

പിന്നീട് അവ പുഴുക്കള്‍ അരിച്ചു, വേദനയോടെ അഴുകി ഇല്ലാതാവുന്നു.


മരിച്ച പ്രണയം പോലും നമ്മോടു യാചിക്കുന്നതു മാന്യമായ ഒരു യാത്ര അയപ്പ് മാത്രമല്ലേ.....


മരിച്ചെന്നു വിധി എഴുതി അടക്കം ചെയ്യും മുന്‍പ് നമുക്കു ഒരു ദിവസം കൂടി കാത്തിരുന്നു കൂടെ..... ജീവന്‍റെ തുടിപ്പുകള്‍ അവശേഷിക്കുന്നില്ല എന്ന് ഉറപ്പാക്കുവാന്‍ വേണ്ടി മാത്രം?


കുമ്പസാരം: ഒരു റഷ്യന്‍ നാടന്‍ കഥയില്‍ നിന്നും കടമെടുത്ത ആശയം.

Monday, August 4, 2008

കാണാതെ പോകുന്നത്.


തുളുമ്പി നിറഞ്ഞ നിന്‍റെ കണ്‍കളില്‍ നോക്കി,
കരയുമ്പോള്‍ അവയ്ക്ക് കൂടുതല്‍ ചേല്‍ ആണെന്ന് ഞാന്‍ മൊഴിഞ്ഞു.
ദൂരേക്ക് നോക്കി നീ ഏകയായി ഇരിക്കുമ്പോള്‍
ഏകാന്തതയെ പ്രണയിക്കുന്ന നിന്‍റെ അഴകു ഞാന്‍ നോക്കി നിന്നു.
നീ വാചാലമായി പറയാന്‍ തുടങ്ങുമ്പോള്‍
നിന്‍റെ മൌനത്തിനു കൂടുതല്‍ ചേലെന്നു പറഞ്ഞു നിന്നെ ഞാന്‍ മൌനിയാക്കി.

ദുഖങ്ങള്‍ ഒക്കെയും ഉള്ളില്‍ ഉതുക്കി നീ ചിരിച്ചു.....

ഇന്നു നീ രാവില്‍ , മാനത്ത് ഒരു നക്ഷത്രമായി തെളിയുമ്പോള്‍
കവി ഭാവനകള്‍ക്കിടയില്‍ കാണാതെ പോയ
നിന്‍റെ ഹൃദയത്തെ ഓര്‍ത്തു ഞാന്‍ തേങ്ങുന്നു.....
എന്‍റെ ഭാവനകളെ സ്വയം പഴിച്ചു കൊണ്ടു.

Saturday, August 2, 2008

വെറുതേ ചില മോഹങ്ങള്‍...

കോരി ചൊരിയുന്ന ഈ പെരു മഴയത്ത്
ദുഖങ്ങള്‍ ഒക്കെയും പെയ്തൊഴിഞ്ഞിരുന്നെങ്കില്‍.

ഇളം കാറ്റിലാടുന്ന ഈ ഇലകള്‍ പോല്‍ നമ്മളും
ഭാരങ്ങള്‍ ഇല്ലാതെ പതിയെ ചലിച്ചു ഇരുന്നെങ്കില്‍.

ശാന്തമായി ഒഴുകുന്ന ഈ കടല്‍ത്തിരകളില്‍
ഒരു മഞ്ഞു തുള്ളിയായ് പതിയെ അലിഞ്ഞിരുന്നെങ്കില്‍.

Friday, August 1, 2008

വിരഹം.


കണ്ടു മതി വരാത്ത ഒരു സ്വപ്നത്തിന്‍ തുടര്‍ച്ച പോല്‍........... നിന്‍ മുഖം.
കേള്‍ക്കാന്‍ കൊതിച്ചൊരു പാട്ടിന്‍റെ ഈണമായ്............. നിന്‍ സ്വരം.

നിന്‍ ഓര്‍മ്മകള്‍ കണ്‍കളില്‍ കണ്ണുനീര്‍ തുള്ളികളായ് നിറയവേ,
ശ്വാസ നിശ്വാസങ്ങള്‍ക്കിടയില്‍ ഞാന്‍ അറിയുന്നു......വിരഹ നോവിനാല്‍ നീറുന്ന ഒരു യുഗം.

ദേശാടനപക്ഷികള്‍


എന്നും വെറും അഗതികള്‍ മാത്രമായ്, ഒരുപാടു കാതം അലയുവാന്‍ വിധിച്ചവര്‍.

സ്വന്തമായി ഒന്നും നേടുവാന്‍ കൊതിക്കാതെ, സ്നേഹത്തിന്‍ നീര്‍ ച്ചാല്‍ ഉറവകള്‍ തേടുന്നവര്‍.

സ്വാര്‍ഥമാം മതില്‍ കെട്ടുകള്‍ പണിയാതെ, വാനവും വിണ്ണും പങ്കിട്ടു ജീവിപ്പവര്‍.

എരിയുന്ന വെയിലിലും, ചൊരിയുന്ന പെരു മഴയിലും, അഭയം എന്ന സ്വപ്നം പോലും നിഷേധിക്ക പെട്ടവര്‍.


എങ്കിലും......... ദേശാടനപക്ഷികള്‍ കരയാറില്ലത്രെ!!!!!!!

നിഴലുകള്‍


കണ്ണ് നനയിക്കുന്ന ചില സത്യങ്ങളെകളും എനിക്കിഷ്ടം

ചെറു ചിരി ഉണര്‍ത്തുന്ന ചെറിയ കള്ളങ്ങള്‍ ആണ്.

അത് കൊണ്ടു തന്നെ ഞാന്‍ നിങ്ങളുടെ നിഴലുകളെ കൂടുതല്‍ ഇഷ്ടപ്പെടുന്നു.


Sunday, July 20, 2008

കാഴ്ച


എന്‍റെ കാഴ്ചയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു.

വഴിയോരങ്ങളിലെ പലതും ഞാന്‍ ഇന്നു കാണാതെ പോകുന്നു.
കൊച്ചു കുട്ടിയുടെ ചിരിക്കുന്ന മുഖവും, മനോഹരമായ പൂക്കളും,
മഴവില്ലും, അരുവികളും...അങ്ങനെ സുന്ദരമായ പലതും ഇന്നെന്‍റെ കാഴ്ചയ്ക്ക് അന്യം വന്നിരിക്കുന്നു.

ഇന്നു എന്‍റെ കാഴ്ച ചില നോട്ടുകെട്ടുകളില്‍ മാത്രം ഉതുങ്ങി കൂടിയിരിക്കുന്നു.

Thursday, July 17, 2008

മുന്നറിയിപ്പ്...


നിങ്ങളുടെ ജീവിതം ഒരു തുറന്ന പുസ്തകം ആണെങ്കില്‍ നിങ്ങള്‍ സൂക്ഷിക്കുക.

അതിലെ നല്ല താളുകള്‍ നാളെ ചിലര്‍ കീറി എടുക്കും........ മറ്റുള്ളവയില്‍ മറ്റു ചിലര്‍ കുത്തി വരയ്ക്കും.

ഒടുവില്‍ നിങ്ങളുടെ പേരു പതിഞ്ഞ , അഴുക്കു പുരണ്ട പുറം ചട്ട മാത്രം ബാക്കി നില്ക്കും, കാലത്തിനു മുന്നില്‍ ഒരു പരിഹാസ ചിഹ്നം ആയി.

ചോദ്യങ്ങള്‍...



എന്‍റെ കണ്ണുകളില്‍ വിടര്‍ന്നിരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം കണ്ടെത്തിയിരുന്നത് അവളുടെ നീണ്ട മൌനങ്ങളില്‍ ആയിരുന്നു.


ഇന്നവള്‍ വാചാല ആയിരിക്കുന്നു..................


ഉത്തരമില്ലാത്ത മറ്റു ഒരു പിടി ചോദ്യങ്ങള്‍ കൂടി എനിക്ക് സമ്മാനിച്ചു കൊണ്ടു.

കടല്‍ത്തീരം.


പണ്ടു നമ്മള്‍ കൈയ്യുകള്‍ കോര്‍ത്ത്‌, സ്വപ്നം കണ്ടു നടന്ന കടല്‍ത്തീരത്ത്‌ , ഇന്നു മല്‍സ്യങ്ങള്‍ ചത്തു അടിഞ്ഞു കിടക്കുന്നു.

പ്രണയത്തിന്‍റെ മണമുണ്ടായിരുന്ന അവിടത്തെ ഇളം കാറ്റിനു , ഇന്നു മനം മടുപ്പിക്കുന്ന ദുര്‍ഗന്ധം.

Wednesday, July 16, 2008

തടവറ


പ്രതീക്ഷകളുടെ തടവറയില്‍ കാലം എനിക്ക് വിധിച്ചത് - ജീവപര്യന്തം.
സ്നേഹത്തിന്‍റെ ചങ്ങലകളാല്‍ എനിക്ക് അവിടെ ബന്ധനം.

Tuesday, July 15, 2008

വാശി.


ഞാന്‍ എഴുതുന്ന അക്ഷരങ്ങള്‍ എന്നോട് തര്‍ക്കിച്ചു തുടങ്ങിയിരിക്കുന്നു.
എന്‍റെ ചിന്തകള്‍ക്ക് അടിമപെടാന്‍ ഇനി അവയ്ക്ക് വയ്യത്രെ!!!!
അക്ഷരങ്ങള്‍ക്കു കീഴടങ്ങാന്‍ കൂട്ടാക്കാതെ വാശിയില്‍ എന്‍റെ ചിന്തകളും.

ഉയര്‍ത്തെഴുന്നേല്‍പ്പ്..


നമ്മുടെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും കത്തി അമര്‍ന്ന്
ഒരു പിടി ചാരം ആയി മാറിയിരിക്കുന്നു.

എങ്കിലും, ഈ ചാരങ്ങളില്‍ നിന്നും നമ്മള്‍ ഉയര്‍തെഴുനെല്‍കും.
കാലത്തിന്‍റെ അഗ്നിക്കായി ഒരു പിടി സ്വപ്നങ്ങളും പ്രതീക്ഷകളും
കരുതി വെച്ചു കൊണ്ടു.

മാപ്പപേക്ഷ...

ഇന്നെന്‍റെ ഹൃദയത്തില്‍ കവിതയില്ല,
കണ്ണില്‍ പ്രണയത്തിന്‍ തിളക്കമില്ല.
എന്‍ നെഞ്ചില്‍ നിന്നുയരുന്ന ശ്വാസ നിശ്വാസങ്ങള്‍
നിന്നിടം കേഴുന്നു മാപ്പിനായി.... നിശബ്ധമായി.
"ബാലികേ.............. നീ പൊറുക്കുക
എന്‍ കുലം നിന്നിടം ചെയ്തോരി അനീതികള്‍
നൂറു ജന്മങ്ങള്‍ എരി തീയില്‍ അമര്‍ന്നാലും
തീരില്ല പാപങ്ങള്‍ എന്ന് ഞാന്‍ അറികിലും."

Saturday, July 12, 2008

കണ്ണീരിന്‍ നനവുള്ള ഒരു കഥയുടെ കഥ.



കോളേജില്‍ പഠിക്കുന്ന കാലം.... അന്നാണ് മലയാള കഥാ സാഹിത്യത്തില്‍ ആ മഹാത്ഭുതം സംഭവിച്ചത്.


കോളേജ് മാഗസിന് വേണ്ടി ഞാന്‍ ഒരു ചെറു കഥയെഴുതി കാത്തിരിക്കുന്ന നേരം....

അത് വായിച്ച മാഗസിന്‍ എഡിറ്റര്‍ എന്‍റെ റൂമില്‍ വന്നു.. വാതില്‍ കുറ്റിയിട്ടു.

അയാള്‍ വാതില്‍ തുറന്ന് പുറത്തു ഇറങ്ങിയപ്പോള്‍ കഥാകാരന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു!!!!!

എന്ത് കൊണ്ടോ, അത് കണ്ടു നിന്ന എല്ലാവരുടെയും കണ്ണുകള്‍‌ നിറഞ്ഞു തുളുമ്പി.


എങ്കിലും കഥാകാരന്‍ അഭിമാനിച്ചു... കഥാകാരന്റെയും പ്രേക്ഷകരുടെയും കണ്ണുകള്‍ ഇതു പോലെ നനയിച്ച ഒരു കഥ എഴുതാന്‍ പറ്റിയല്ലോ!!!!


പക്ഷെ, എന്നാലും എങ്ങനെ താന്‍ എഴുതിയ കഥ വര്‍ഷങ്ങള്‍ക്കു മുന്പ് മറ്റൊരാള്‍ കോപ്പി അടിച്ച് എന്ന് മാത്രം കഥാകാരന്‌ പിടി കിട്ടിയില്ല... അത്ഭുതം , അല്ലാതെ എന്ത് പറയാന്‍.

നിമിഷങ്ങള്‍...


ചില നിമിഷങ്ങള്‍ ജീവിതത്തെ മാറ്റി മറിക്കും...
ചിലപ്പോള്‍ വിജയത്തിലേക്ക്, മറ്റു ചിലപ്പോള്‍ വലിയ തെറ്റുകളിലെക്കും.
നിമിഷങ്ങളില്‍ പിണന്നു പോയ തെറ്റുകള്‍ തിരുത്താനായി കാത്തിരിക്കുക...
പ്രതീക്ഷയോടെ നന്മയുടെ ഒരു ചെറു നിമിഷത്തിനായി.
കാത്തിരിപ്പ്‌ തന്നെയാണ് ജീവിതം എന്ന തിരിച്ചറിവോടെ.

Tuesday, June 24, 2008

കല്‍പടവുകള്‍....


കരിയിലകള്‍ താണ്ടിയ വഴിതാരകള്‍ക്ക് അപ്പുറത്ത്....
വയല്‍ പാടങ്ങള്‍ക്കു അപ്പുറത്ത്....
കല്‍പടവുകള്‍ ഉണ്ടത്രേ!!!!!!!
സംസാരിക്കുന്ന അത്ഭുത കല്‍പടവുകള്‍.

ഒരു നാളില്‍ നീ അവിടെ ചെല്ലണം.
അന്ന് അത് നിനക്കു ഞാന്‍ പറയാതെ പോയ എന്‍റെ സ്നേഹത്തിന്‍ കഥ പറയും.

മഴ....


എന്ന് മുതല്‍ നിങ്ങള്‍ മഴയെ പിറു പിറുത്തു തുടങ്ങിയോ.....

അന്ന് മുതല്‍ നിങ്ങള്‍ മരണ പെട്ട് തുടങ്ങിയത് അറിയുക പ്രിയ കൂട്ടരേ.


നീ....


എന്തിന് നീ ഏകി, സ്വപ്‌നങ്ങള്‍ എന്‍ ഹൃദയത്തില്‍,

എന്തിന് നീ ഏകി, വര്‍ണങ്ങള്‍ ആ സ്വപ്നങ്ങളില്‍.

ഒടുവില്‍ അണയാതെ എരിയുന്ന തീ കനലായ്

എന്തിന് നീ ഏകി വിരഹത്തിന്‍ നീറുന്ന വേദന.

കണ്ണാടി


കണ്ണാടിയില്‍ മുഖം നോക്കാന്‍ എനിക്ക് ഭയം ആണ്.

കാരണം എനിക്കെന്‍റെ മുഖം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

എന്‍റെ ദുഖം

എന്‍റെ ദുഖം, നടക്കാതെ പോയ എന്‍റെ സ്വപ്നങ്ങളെ കുറിച്ചു ഓര്‍ത്തല്ല .
പക്ഷെ, പൂവണിഞ്ഞ എന്‍റെ സ്വപ്നങ്ങളെ കുറിച്ചു ഓര്‍ത്താണ്.

കാരണം അവ എനിക്ക് നഷ്ടപെടുത്തിയത് വില മതിക്കാന്‍ ആവാത്ത
എന്‍റെ പ്രിയപ്പെട്ട സ്വപ്നങ്ങളെ ആയിരുന്നു.