Friday, December 5, 2014

മണിചിത്ര IT Technologies Pvt limited.



**മണിചിത്ര IT Technologies Pvt limited **

Team Members -
സണ്ണി      ::  HR മാനേജർ ( specialized in കുരുട്ടു ബുദ്ധി )
നകുലൻ :: പ്രൊജക്റ്റ്‌ മാനേജർ (  MBA  in മണ്ടത്തരം )
ഗംഗ        :: പ്രൊജക്റ്റ്‌ ലീഡ്  ( Critical resource & വർക്കഹോളിക്)
ശ്രീദേവി :: Tester ( പാഴ് resource with ചൊറിച്ചിൽ  attitude )
അല്ലി       :: Developer ( സ്വപ്നം for next lead / PM / director roles )
തിരുമേനി :: HR ഹെഡ്  ( മാന്യൻ / സല്സ്വഭാവി / നിഷ്കളങ്കൻ )

Scene 1 :

സണ്ണി  :  " നകുലാ, ഇനി ഞാൻ പറയാൻ പോകുന്ന കാര്യം കേട്ട് നീ തകരരുത്. ഇനി അടുത്തതായി കമ്പനി ചാടാൻ സാധ്യതയുള്ളത് നീ കരുതും പോലെ ടെസ്റ്റർ  ശ്രീദേവി അല്ല , അത് നിന്റെ സ്വന്തം ലീഡ് ഗംഗയാണു് "

നകുലൻ  : "  എന്റെ ഗംഗ.. അവള് പോയാൽ നമ്മുടെ പ്രൊജക്റ്റ്‌...  "

സണ്ണി  : " നീ ഇങ്ങനെ കരയരുത് നകുലാ. അവളെ ഇവിടെ തന്നെ പിടിച്ചു നിർത്താൻ ഇന്ന് വരെ ലോകത്ത് ഒരു HR- ഉം ഇത് വരെ സഞ്ചരിച്ചിട്ടില്ലാത്ത കമ്പനി പോളിസി വഴികളിലൂടെ ഞാൻ പോകും, ഒരു മാന്യനെ പോലെ... "

നകുലൻ : " എന്തെങ്കിലും ഒന്ന് ചെയ്യ് സണ്ണി. ഈ കമ്പനിയിലെ ആകെ പണി അറിയാവുന്ന ഒരാള് അവള് മാത്രമാണ് , ബാക്കി എല്ലാം... "

സണ്ണി  : " നീ ഇപ്പോൾ തന്നെ ഗംഗയെ വിളിച്ചു ഇനി മുതൽ പ്രൊജക്റ്റ്‌ ലീഡ് ചെയ്യേണ്ട എന്ന് പറയണം , ചിലപ്പോൾ അവൾ വല്ലാതെ പ്രതികരിക്കും . എങ്കിലും നീ പതറരുത് "

Scene 2 :

നകുലൻ : "ഗംഗ... നീ ഇന്നു മുതൽ പ്രൊജക്റ്റ്‌ ലീഡ് ചെയ്യണ്ട . അല്ലി ചെയ്തോളും ലീഡ് activities "

ഗംഗ : " അതെന്താ ഇപ്പോൾ അങ്ങനെ , ഇത് വരെ ഞാൻ ആയിരുന്നല്ലോ ലീഡ് ചെയ്തിരുന്നത് "

നകുലൻ : " ഗംഗ ലീഡ് ചെയ്യേണ്ട എന്ന് പറഞ്ഞല്ലോ , ഇത് പുതിയ പ്രൊജക്റ്റ്‌ decision ആണ് "

ഗംഗ : " വേണ്ട അല്ലെ... വേണ്ട അല്ലെ... ഡേയ് നകുലൻ കൂതരെ ... ഇത്രയും കാലം ഈ പൊട്ട പ്രോജെക്ടിൽ നിങ്ങളെ പോലുള്ള ഒരു മണ്ടൻ മാനേജരുടെ കീഴിൽ മരണ പണി എടുത്തിട്ട് , ഇപ്പോൾ അല്ലിയെ കണ്ടപ്പോ ഞാൻ ലീഡ് വേണ്ടാ അല്ലെ. ഈ പ്രോജെച്റിനും നിങ്ങള്ക്കും നല്ല പണി തന്നിട്ട് നിങ്ങളെ കോളം തോണ്ടിയിട്ടെ ഞാൻ ഈ കമ്പനി ചാടു തടിയാ , കഷണ്ടി തലയാ , നരമ്പ് രോഗി... "

നകുലൻ : " ഗംഗ.... ഗന്ഗെ... ഞാൻ ചുമ്മാ.... "

Scene 3 :

സണ്ണി : " തിരുമേനി , നമ്മള് വിചാരിച്ച പോലെ ഇനി ഇലയ്ക്കും മുള്ളിനും കേടില്ലാതെ, ' Values & Culture ' തെറ്റിച്ചതിന് ഗംഗയെയും  , പ്രൊജക്റ്റ്‌ പൊട്ടുമ്പോൾ അതിന്റെ പേരിൽ  നകുലനെയും ,   കമ്പനിക്ക് ചീത്ത പേരില്ലാതെ നമുക്ക് പറഞ്ഞു വിടാം ."

തിരുമേനി : " അമ്പടാ കള്ളാ , സണ്ണി കുട്ടാ... ഇതും കൂടി ചേർത്ത് ലോക പ്രശസ്തമായ മൂന്നു തെണ്ടിതരങ്ങൾ  ഇപ്പോൾ നിന്റെ പേരിലായി ... നീ ആണ് യഥാർത്ഥ HR മാനേജർ "

<<< ശുഭം >>>

Monday, December 1, 2014

കുഞ്ഞു ചോദ്യങ്ങൾ




"പട്ടിണി എന്ന് പറഞ്ഞാൽ എന്താണ്  അച്ഛാ ? "

ജീവിതവും മരണം ഒരുപോലെയായി മാറുന്ന,
ദൈവവും ചെകുത്താനും വെറും സങ്കൽപ്പങ്ങൾ മാത്രമാവുന്ന,
സത്യവും മാനവും  നീതിയും അർത്ഥശൂന്യമാകുന്ന,
ബന്ധുവും ശത്രുവും മിത്രവും ഒന്നായി തീരുന്ന,
ഒരു മനുഷ്യന്റെ അവസ്ഥയാണ് കുഞ്ഞേ 'പട്ടിണി'.

"അപ്പോൾ , കഷ്ട്ടപാടെന്നു പറഞ്ഞാലോ ? "

'പട്ടിണി ' എന്ന അവസ്ഥ  അറിയാതിരിക്കാൻ
നിസാരരായ നാം പെടുന്ന ഈ പാടാണ് 'കഷ്ട്ടപാട്'.


Wednesday, November 26, 2014

...To fetch a pail of water...



അടുക്കളയിൽ നിന്നും ഒരു അശരീരി ::
"നിങ്ങളു ചുമ്മാ ഫോണും കുത്തി ഇരിക്കാതെ മോളെ വല്ലതും പഠിപ്പിക്കു മനുഷ്യാ... " 

മനുഷ്യൻ :: 
"... Jack and Jill went up the hill to fetch a pail of water ..."

മോള് :: 
"ആഹാ.. ഇംഗ്ലീഷ് ഒക്കെ അറിയാവോ !!! എന്താ അതിന്റെ അർത്ഥം ?"

മനുഷ്യൻ :: 
"ജാക്കെന്നും ജില്ലെന്നും പറയുന്ന രണ്ടു പയലുകള് കുന്നിന്റെ മുകളിൽ വെള്ളമെടുക്കാൻ പോയെന്നു "

മോള് ::
 "  പയലുകള് എടുക്കാൻ പോയ വെള്ളമായത് കൊണ്ടാണോ ' pail of water' എന്ന് പറയുന്നത് ? "

മനുഷ്യൻ :: 
"പിന്നല്ല... അത്രയൊക്കെ ഉള്ളു അർത്ഥം "

വീണ്ടും അശരീരി ::
"നിങ്ങളു ചുമ്മാ കൊച്ചിനെ ഇങ്ങനെ പഠിപ്പിച്ചു ചീത്തയാക്കാതെ ഒന്ന് പോയി  ഫോണും കുത്തി തന്നെ  ഇരുന്നോ. അതാണ്നല്ലത് “.


Wednesday, March 5, 2014

എപ്പോഴും...ഇപ്പോഴും...

 
സമയം എപ്പോഴും ഇങ്ങനെയാണ്...
 
ആദ്യം, കാത്തിരിപ്പിന്റെ കടന്നുപോകാത്ത നിമിഷങ്ങൾ,
പിന്നീടു, കണ്ടു കഴിയുമ്പോൾ പോയതറിയാത്ത മണിക്കൂറുകൾ,
ഒടുവിൽ, കലഹം കൊണ്ട് പിണങ്ങി ഇഴയുന്ന ദിവസങ്ങൾ !
 
വാക്കുകൾ എപ്പോഴും ഇങ്ങനെയാണ്...
 
ആദ്യം, എത്ര പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ,
പിന്നീടു, വാക്കുകളേക്കാൾ കൂടുതൽ ഇഷ്ടപെട്ട മൌനങ്ങൾ,
ഒടുവിൽ,  പരസ്പരം മനസ്സിലാക്കാൻ കഴിയാതെ പോവുന്ന വാചകങ്ങൾ !
 
കാഴ്ച എപ്പോഴും ഇങ്ങനെയാണ്...
 
ആദ്യം, കണ്ണിനു കുളിർമ്മ നൽകുന്ന ചെറിയ കാര്യങ്ങൾ ,
പിന്നീടു, നോക്കിയിരിക്കുമ്പോൾ കണ്ണുകൾ ക്ഷീണിച്ചു പോകുന്ന കടുത്ത നിറങ്ങൾ,
ഒടുവിൽ, എത്ര നോക്കിയാലും കാണാൻ കഴിയാത്ത വിധമുള്ള വലിയ കാര്യങ്ങൾ !
 
നമ്മൾ എപ്പോഴും ഇപ്പോഴും  ഇങ്ങനെയൊക്കെയാണ് !!!
 

Tuesday, February 25, 2014

ഒരു പൂവ് !


പണ്ട് ഞാൻ സ്വപ്നത്തിൽ കണ്ടു മോഹിച്ചിരുന്നൊരു പൂവുണ്ട്,
അന്ന് ഞാനത് വഴിയരികിലെ ഒരു പൂന്തോട്ടത്തിൽ കണ്ടു !

കാണും തോറും വീണ്ടും വീണ്ടും കാണണമെന്ന് മോഹിപ്പിക്കുന്ന ഒരു പൂവ്,
തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോഴൊക്കെ എന്നെ തിരിച്ചു വലിക്കുന്ന ഒന്ന് !

പൂന്തോട്ടത്തിൽ ആ പൂവിനു അത് അർഹിക്കുന്ന സ്ഥാനം ഇല്ലെന്നു തോന്നി,
ഒരു രാജകുമാരിയെ പോലെ നടുക്ക് തലയുയർത്തി നിൽകേണ്ട ആ പൂവ്,
അങ്ങൊരു മൂലയിൽ ആരും ശ്രദ്ധിക്കാതെ ഇരിക്കുന്ന പോലെ തോന്നി !

ആ ഭംഗിയുള്ള മോഹ പൂവ് പറിച്ചെടുക്കാൻ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു,
എന്റെ പൂന്തോട്ടത്തിലെ പൂക്കളുടെ രാജ കുമാരിയാക്കി മാറ്റുവാൻ !

പക്ഷെ... അപ്പോഴാണ് പൂവിനരികിൽ നിൽക്കുന്ന ആ കുട്ടികളെ കണ്ടത്,
പൂവിന്റെ മണം വലിച്ചെടുത്തു നിഷ്കളങ്കരായി ചിരിക്കുന്ന ആ കുട്ടികൾ,
അവർ അടുത്ത് നിൽക്കുമ്പോൾ ആണ് ആ പൂവിനു ഭംഗി കൂടുതൽ,
അവരുടെ ചിരിക്കു വേണ്ടിയാണു ആ പൂവ് വിടർന്നത് എന്ന് തിരിച്ചറിഞ്ഞു ഞാൻ !

എന്നിട്ടും എന്നും ഞാൻ പതിവായി ആ വഴി നടക്കുന്നു,
ഒരിക്കലും സ്വന്തം ആക്കുവാൻ കഴിയില്ലെന്ന് ഞാൻ അറിഞ്ഞിട്ടും,
ദൂരെ നിന്നും വെറുതെ ആ പൂവിനെ ഒരു നോക്ക് കാണുവാൻ,
എന്റെ നഷ്ട സ്വപ്നത്തിലെ പൂവിന്റെ മണം ആ കാറ്റിലൂടെ ഒന്ന് അറിയുവാൻ !

Tuesday, February 18, 2014

നിനക്ക് വേണ്ടി...


നിന്റെ കണ്ണിൽ ഒരു സ്വപ്നം ഉണ്ട്...
ഞാൻ കാണാൻ കൊതിച്ചിരുന്ന നിറമുള്ള സ്വപ്നം !

നിന്റെ ചുണ്ടിൽ ഒരു പ്രണയം ഉണ്ട്...
ഞാൻ മറക്കാൻ ശ്രമിച്ചിട്ടും കഴിയാതിരുന്ന ഒരു പ്രണയം !

നിന്റെ ചിരിയിൽ വിടരുന്ന ഒരു പൂവ് ഉണ്ട്...
ഞാൻ ഇത് വരെ അറിയാത്ത പുതിയൊരു മണമുള്ള ഒരു പൂവ് !

നിന്റെ സ്വരത്തിൽ ഒരു അധികാരം ഉണ്ട്...
ഞാൻ ഒഴിച്ചിട്ടിരുന്ന മനസ്സിന്റെ ഒരു കോണിൻ അവകാശത്തിന്റെ അധികാരം !

ഇന്ന്, നീ... എനിക്ക് വളരെ പ്രിയപ്പെട്ടവൾ ആയിരിക്കുന്നു...

അറിയാതെ നിന്നെ കൂടുതൽ സ്നേഹിച്ചു തുടങ്ങുമ്പോൾ
കരുതി വെയ്ക്കട്ടെ നിനക്കായി വേണ്ടി ഞാൻ
കരയാൻ മറന്നു തുടങ്ങിയ എന്റെ ഈ കണ്‍കളിൽ
നാളേയ്ക്കു വേണ്ടി കുറച്ചു കണ്ണീർ തുള്ളികൾ !

Friday, February 14, 2014

തിരച്ചറിയാൻ കഴിയട്ടെ !

സൌഹൃതം പ്രണയമെന്നു കരുതി

തെറ്റിധാരണ തിരിച്ചറിയാൻ കഴിയാതെ
പ്രണയത്തെ പഴിച്ചു ഒരു ജീവിതം മുഴുവനും
എങ്ങനെയൊക്കെയോ ജീവിച്ചു തീർക്കുന്ന ചിലർ !

പ്രണയത്തെ സൌഹൃതമെന്നു കരുതി
തിരിച്ചറിയാതെ പോയൊരു പ്രണയത്തെ ഓർത്ത്
കാലങ്ങളേറെ കഴിഞ്ഞിട്ടും ഓർമ്മകൾ നെയ്തു
സ്വപ്നങ്ങൾ ചില്ലിട്ടു സൂക്ഷിച്ചു ജീവിക്കുന്ന ചിലർ !

കാലങ്ങൾ വേഗത്തിൽ ഓരോന്നായി കഴിയവേ,
ഇനി തിരുത്താൻ കഴിയില്ല എന്നായി മാറും മുൻപേ
തിരച്ചറിയാൻ കഴിയട്ടെ നമുക്കേവർക്കും
പ്രണയത്തിന്റെയും സൌഹൃതത്തിനും ഇടയിലെ
ആ നേർത്ത അതിർ വരമ്പുകൾ !

Thursday, February 13, 2014

കളി കൂട്ടുകാരൻ...

സങ്കടം വന്നു അവൾ കരയുമ്പോൾ
കാരണം എന്തെന്ന് പോലും
ചോദിക്കാൻ കഴിയാതെ, കുറച്ചു നേരത്തേക്ക്
അവളെ സ്വസ്ഥമായി ഇരിക്കാൻ വിടുന്നവൻ !

ചെറിയ കാര്യങ്ങൾക്ക് പിണങ്ങി അവൾ
കണ്ടിട്ടും കാണാതെ മിണ്ടാതെ നടക്കുമ്പോൾ
കയ്യിൽ ഒരു കുഞ്ഞുമ്മ നൽകാം എന്നു നിനച്ചാലും
ഒന്നും മിണ്ടാതെ പിണക്കം തീരുവാൻ കാത്തു നിൽക്കുന്നവൻ !

അവളുടെ പ്രിയപ്പെട്ട ആ ഒരാൾ എന്നെങ്കിലും
ഒന്ന് കാണാൻ വൈകിയാൽ, അവളെ നോക്കാതെ പോയാൽ
പിന്നെ തൊട്ടതിനൊക്കെയും അവളുടെ നാവിൽ നിന്നും
മൂക്കിൻ തുമ്പിലെ ദേഷ്യത്തിന്റെ ചൂടറിയുന്നവൻ !

ദൂരെ നിന്നുള്ള അമ്മയുടെ നീട്ടി വിളി കേട്ട്
ചക്കര മാവിന്റെ ചുവട്ടിൽ നിന്നും
ഒരു യാത്ര പോലും പറയാതെ, തിരികെ നോക്കാതെ
അവൾ പെട്ടെന്ന് ഓടി മറയുമ്പോഴും...

നാളെയും അവൾ വരുമെന്ന് കരുതി
പരിഭവങ്ങൾ ഒന്നും പറയാതെ,
കരയാതെ, എന്നാൽ ചിരിക്കാതെ,
പയ്യെ നടന്നു അകലുന്നവനാരോ...

അവനല്ലേ ഒരു നല്ല 'കളി കൂട്ടുകാരൻ' !

Wednesday, February 12, 2014

സ്വാർത്ഥതയില്ലാത്ത ലക്ഷ്യങ്ങൾ...


എന്നും രാവിലെ ചീത്ത വിളി കേട്ട് ഉണരും !

പിന്നീടു, പ്രഭാത ഭക്ഷണത്തോടൊപ്പം അടുക്കളയിൽ നിന്നും
നിർത്താതെ ഒഴുകുന്ന പിന്നണി ഗാനമായി അമ്മയുടെ കുറ്റങ്ങൾ.

'ഞാൻ ആണ് ഈ വീടിന്റെ നാഥൻ' എന്നുറപ്പിച്ചു,
ഇടയ്ക്കുള്ള അച്ഛന്റെ ചെറുതെങ്കിലും മൂർച്ചയുള്ള ശകാരം.

'എന്ത് പറയാൻ' എന്ന അർത്ഥത്തിൽ ചേട്ടന്റെ നോട്ടം,
'നാണമില്ലേ' എന്ന് പറയാതെ പറഞ്ഞു അനിയത്തിയുടെ പുഞ്ചിരി.

എങ്കിലും... എല്ലാ പ്രതികൂല സാഹചര്യത്തിലും തളരാതെ
വെല്ലു വിളികളെ അതി ജീവിച്ചു അവൻ ലക്ഷ്യത്തിലേക്ക് നടന്നു !

എട്ടു മണിക്കുള്ള ബസ്സിൽ പതിവായി വന്നിറങ്ങുന്ന,
ഒരിക്കൽ പോലും അവനെ നോക്കിയിട്ടില്ലാത്ത,
ഇനി ഒരിക്കലും അവനെ നോക്കാൻ ഇടയില്ലാത്ത,
പേരറിയാത്ത, വീടറിയാത്ത അവളെ ഒരു നോക്ക് കാണാൻ വേണ്ടി !

എല്ലാ വെല്ലുവിളികളും അതി ജീവിച്ചു,
അവഗണനയുടെ ആ ഒരു നിമിഷത്തിനായി നിസ്വാർഥം ആയി,
മണിക്കൂറുകൾ വഴിയരികിൽ കാത്തു നില്ക്കുന്ന അവനെ,
നമ്മൾ വെറും 'പൂവാലൻ' എന്ന് ചൊല്ലി പരിഹസിക്കുന്നു !!!

Tuesday, February 11, 2014

പിണക്കവും ഇണക്കവും...

ചെറിയ പിണക്കങ്ങൾ തരുന്നൊരു വേദനയുണ്ട് !

ചുവന്ന കവിളുകളിൽ തന്റെ പരിഭവം ഒളിപ്പിച്ചു,
മിണ്ടാതെ ദൂരേക്ക് മാറി ഇരുന്നു, ഇടയ്ക്ക് ഇടം കണ്ണിട്ടു നോക്കി,
ഇനി ഒരിക്കലും മിണ്ടില്ലെന്ന് പറഞ്ഞു
ചിണുങ്ങി ഇരിക്കുന്ന കൂട്ടുകാരി !

ഒരു നിമിഷത്തെ വാശി പിടിപ്പിക്കലിനു ശേഷം,
പിന്നെ കുറേ നേരം, അവളുടെ പിണക്കം മാറ്റാനായി,
അവളെ ചിരിപ്പിക്കാൻ പാടുപെട്ടു, ചുറ്റിലും മുമ്പിലും
വട്ടമിട്ടു കറങ്ങി നടക്കുന്ന കൂട്ടുകാരൻ !

ഒടുവിൽ, ഒരു നാരങ്ങ മിട്ടായി മധുരം പങ്കിട്ടു
ആ ചെറു പിണക്കങ്ങൾ പറഞ്ഞു, ചിരിച്ചു തീർക്കുമ്പോൾ


ഇണക്കങ്ങൾ നൽകുന്ന ഒരു വലിയ സുഖമുണ്ട് !

Monday, February 10, 2014

ജയിച്ചവരും തോറ്റവരും...


ജയിച്ചു ഒന്നാമൻ ആയി നിൽക്കുമ്പോഴും

അവൻ അസ്വസ്ഥനായിരുന്നു.

തന്റെ അരികിൽ നിന്നിരുന്ന,
ഒന്നാമതെത്താൻ അർഹത ഉണ്ടായിരുന്ന,
ജയിച്ചെങ്കിലും രണ്ടാമതും മൂന്നാമതും ആയിപ്പോയ,
മുഖത്തെ വിഷമം കലർന്ന പുഞ്ചിരി
ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും കഴിയാത്ത ഒരു കൂട്ടർ!

പുറകിലെ വരികളിൽ നിന്നിരുന്ന,
ആദ്യത്തെ മൂന്നു സ്ഥാനങ്ങൾ ലക്ഷ്യം വെച്ച്,
അതിനായി ഒരുപാട് കഷ്ട്ടപെട്ടു,
വിഷാദം തളർന്ന മിഴികളും ആയി,
ജയിച്ചെങ്കിലും സന്തോഷിക്കാൻ കഴിയാത്ത ഒരു കൂട്ടർ!

പരാജയം അറിഞ്ഞിട്ടും തളരാതെ,
കാലങ്ങൾ ഇനിയും വരുന്നുണ്ട് ഒരുപാടു എന്നപോൽ,
കരയാതെ, ചിരിക്കാതെ, ഉലയാതെ,
ജയിച്ചവരെ നോക്കി ചെറു അസൂയയോടെ,
നിർ വികാര ഭാവവുമായി വേറെ ചിലർ!

'തോറ്റത് ഞാൻ അല്ല' നിങ്ങളാണ് എന്നപോൽ,
കളിച്ചും ചിരിച്ചും ഉല്ലസിച്ചും,
കപടതകൾ ഇല്ലാതെ, ഭാരങ്ങൾ ഇല്ലാതെ,
ജീവിതം മധുരം എന്ന് സ്വയം തെളിയിച്ചു,
തോറ്റു തോറ്റു വളർന്നവർ മറു ചിലർ !

വൻ വിജയങ്ങൾ നൽകിയ വീർപ്പുമുട്ടലുകൾക്ക് ഇടയിൽ,
ഒന്നാമൻ എന്ന് എല്ലാവരും വാഴ്ത്തി പാടുമ്പോഴും,
തോറ്റു പോയെങ്കിലും ചിരിച്ചു നിൽക്കുന്നവരെ,
കൊതിയോടെ അവൻ നോക്കി നിന്നു !

Friday, February 7, 2014

ജീവിതത്തിന്റെ നിറം...


ജീവിതത്തിൽ പലതിനും പല നിറങ്ങൾ ഉണ്ട്...

ബാല്യത്തിന്റെ ഇളം നിറം
കൌമാരത്തിന്റെ കടുത്ത നിറം
യൌവനത്തിന്റെ തെളിഞ്ഞ നിറം
വാർധക്യത്തിന്റെ നരച്ച നിറം

നിഷ്കളങ്കതയുടെ മഞ്ഞ നിറം
പ്രണയത്തിന്റെ നീല നിറം
പ്രതീക്ഷയുടെ പച്ച നിറം
പ്രതികാരത്തിന്റെ ചുവന്ന നിറം
മരണത്തിന്റെ കറുത്ത നിറം

എല്ലാ നിറങ്ങളും ചേർന്ന ഈ ജീവിതത്തിനു മാത്രം
സ്വന്തമെന്നു പറയാനായി ഒരു നിറം ഇല്ലാതെ പോയി.
അല്ലെങ്കിൽ, പേരിനു വേണ്ടി ഒരു 'വെളുത്ത' നിറം !

Thursday, February 6, 2014

കാത്തിരിപ്പിന്റെ ചിന്തകൾ


ഇന്ന് കാണില്ലെന്ന് ചൊല്ലിയാണ് അവൾ ഇന്നലെ പിരിഞ്ഞത് !
എങ്കിലും അവൻ കാത്തിരുന്നു...


'ഇനി വരാതിരിക്കുമോ' എന്ന നിരാശയും
'ഒരിക്കലെങ്കിലും വരുമായിരിക്കും' എന്ന പ്രതീക്ഷയും
'ഒന്ന് കണ്ടിരുന്നെങ്കിൽ' എന്ന ഒരു കൊതിയും
'വരാതെ പോകല്ലേ' എന്ന പ്രാർത്ഥനയും അവനു കൂട്ടിരുന്നു !

തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണുമ്പോൾ
അവന്റെ മനസ്സിൽ എന്നും വിടർന്നിരുന്ന സൌഹൃതത്തിൻ മഴവില്ല്,
അവളുടെ അഭാവം നൽകിയ ആ ശൂന്യതയിലും
കടുത്ത നിറങ്ങളിൽ, കൂടുതൽ തെളിഞ്ഞു നിന്നു !!!!!

Wednesday, February 5, 2014

നിയമങ്ങൾ വിധി പറയുമ്പോൾ..


എഴുതപെട്ടതും, എഴുതപെടാത്തതുമായ
നിയമങ്ങൾ അനവധിയുണ്ട് ഇവിടെ !

സ്വയം അനുകൂലം ആയ നിയമ വശങ്ങൾ തിരഞ്ഞെടുത്തു
നമ്മൾ വീറോടെ വാദിച്ചു മുന്നേറുമ്പോൾ,
മനസ്സുകളിൽ ലക്‌ഷ്യം ഒന്ന് മാത്രം...
എതിരെ നിലക്കുന്നവന്റെ ഒരു പരാജയം !

സത്യവും സ്നേഹവും മനസ്സാക്ഷിയും കാണാൻ കഴിയാതെ
കണ്ണു മൂടി കെട്ടിയ, വലിയ നിയമങ്ങൾ
ഒടുവിൽ വിധി പറയുമ്പോൾ,
തോൽക്കുന്നത് ശെരിക്കും ആരാണ്....

ഞാനോ... നീയോ... നമുക്കിടയിലെ ഈ ചെറിയ ലോകമോ !

Friday, January 17, 2014

വളർന്നു വലുതാവുന്നവർ



നിലത്തു വീണുടഞ്ഞ ആ ചില്ല് കഷണങ്ങൾ നോക്കി
അവൾ നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.
ഒരു പാട് കൊതിയോടെ, അവൾ സൂക്ഷിച്ചു വെച്ചിരുന്ന
പല വർണങ്ങൾ നിറഞ്ഞ, ആ സ്ഫടിക പാവ
തറയിൽ അങ്ങനെ ചിതറി കിടന്നു.

ഇന്ന് , അവൾ വളർന്നു ഒരുപാട് വലുതായിരിക്കുന്നു,

ചുണ്ടിൽ നിന്നും മായാത്ത ഒരു ചെറു പുഞ്ചിരിയോടെ
അവൾ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി.
ഒരു പാട് കഷ്ട്ടപ്പെട്ടു, അവൾ നേടി എടുത്ത
നിറങ്ങൾ ഇല്ലാത്ത , ആ വിവാഹ മോചന പത്രം
തറയിൽ അങ്ങനെ ചിതറി കിടന്നു.

ഇന്ന് , അവൾ വളർന്നു ഒരുപാട് വലുതായിരിക്കുന്നു !!!

Wednesday, January 15, 2014

ഈ നിമിഷവും, നീയും



കളഞ്ഞു പോയെന്നു നിനച്ചിരുന്ന വിലപ്പെട്ട എന്തോ ഒന്ന്
പഴയ പെട്ടിക്കുള്ളിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ പോലെ...

ഇനി ഒരിക്കലും കാണില്ലെന്ന് വിചാരിച്ചിരുന്ന പ്രിയപ്പെട്ട ഒരാൾ
വഴി വക്കിൽ, ആൾ കൂട്ടത്തിനിടയിൽ വെച്ച് കണ്ടു മുട്ടിയ പോലെ...

മറന്നു തുടങ്ങിയ, ആ പ്രിയപ്പെട്ട പാട്ടിന്റെ വരികൾ
യാത്രക്കിടയിൽ അടുത്തിരുന്ന ഒരാൾ മൂളിയ പോലെ...

ഈ നിമിഷവും , നീയും എന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നു !

Monday, January 13, 2014

രസമുള്ള ചില നോവുകൾ...


അവൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രത്യേക രസം !


അവളുടെ കുസുത്രി നിറഞ്ഞ ചോദ്യങ്ങൾ ആണോ
തർക്കുത്തരങ്ങൾ മാത്രം നിറയുന്ന മറുപടിയോ
മിക്കപ്പോഴും വിടരുന്ന ചെറു ചിരിയോ
ഇടയ്ക്ക് മാത്രം മനസ്സ് തുറക്കുന്ന പരിഭവങ്ങളോ
കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന വികൃതിയോ
ചിലപ്പോഴൊക്കെ കാണുന്ന നീണ്ട മൌനമോ
ഇതിലെന്ത് കൊണ്ടാണ് എന്നെനിക്കറിയില്ല....

അവൾ മിണ്ടാതിരിക്കുമ്പോൾ മനസ്സിൽ ഒരു വല്ലാത്ത നോവ് !

Friday, January 10, 2014

പ്രണയ സമ്മാനങ്ങൾ...


തന്റെ സ്വപ്‌നങ്ങൾ കൊണ്ട് അവൻ കോർത്തിട്ട
ആ മുത്ത്‌ മാലകൾ അവള്ക്കിന്നു വേണ്ട !

തനിക്കു സ്വർണ മാലകൾ സമ്മാനിക്കാൻ കഴിയാത്ത അവനെ
ജീവിക്കാൻ അറിയാത്തവൻ എന്ന് അവൾ മനസ്സിൽ പരിഹസിക്കുമ്പോഴും,
അതൊന്നും തിരിച്ചറിയാതെ അവൻ അപ്പോഴും അവൾക്കു വേണ്ടി
മഞ്ചാടി മണികളും മയിൽ പീലികളും പെറുക്കി കണ്ടിരുന്നു.

അവൾക്കേറെ പ്രിയപ്പെട്ട സമ്മാനങ്ങൾ എന്ന് തെറ്റി ധരിച്ചു കൊണ്ട് !